'വിമാനത്താവളങ്ങൾ വഴി കാർഗോയായി ലഹരി നാട്ടിലെത്തിച്ചു, വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് അരക്കോടി രൂപയുടെ എംഡിഎംഎ'; പൊലീസ്
40 പൊതികളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്

മലപ്പുറം: കൊണ്ടോട്ടിയിൽ മട്ടാഞ്ചേരി ലഹരിക്കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒന്നര കിലോയിലേറെ എംഡിഎംഎ. മുക്കൂട് സ്വദേശിയായ ആഷിഖിന്റെ വീട്ടിൽ നിന്നാണ് അരക്കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയത്. വിമാനത്താവളം വഴിയാണ് ലഹരി എത്തിച്ചതെന്നാണ് സൂചന.
ഇന്ന് പുലർച്ചെയാണ് കരിപ്പൂർ മുക്കൂട് അയനിക്കാടുള്ള ആഷിക്കിന്റെ വീട്ടിൽ നിന്ന് 1665 ഗ്രാം എംഡിഎംഎ പിടികൂടിയത്. 40 പൊതികളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഒമാനിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ആഷിഖ് വിമാനത്താവളങ്ങൾ വഴി കാർഗോയായാണ് ലഹരി നാട്ടിലെത്തിച്ചത്. മട്ടാഞ്ചേരി ലഹരി കേസിൽ പിടിയിലായ എട്ടഗ സംഘത്തിന് ലഹരി എത്തിച്ചുനൽകിയത് ആഷിഖായിരുന്നെന്ന് മലപ്പുറം എസ് പി ആർ. വിശ്വനാഥ് പറഞ്ഞു. ഇവരിൽ നിന്ന് ലഭിച്ച വിവര പ്രകാരം മാർച്ച് ആറിന് മട്ടാഞ്ചേരി പൊലീസ് ആഷിഖിനെ മുക്കൂട്ടെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ കരിപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ആഷിഖിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 50 ലക്ഷത്തോളം രൂപ വിലവരും. ലഹരി കടത്താൻ കൂടുതൽ പേരുടെ സഹായം ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഷിക് മറ്റൊരു ലഹരിക്കേസിൽ കൊച്ചിയിൽ റിമാൻഡിലാണ്.
Adjust Story Font
16