മെക് 7; 'മലക്കം മറിയലും' ഒരു വ്യായാമ മുറ !
മെക് 7നെ എതിർക്കേണ്ട കാര്യം ഞങ്ങൾക്കില്ലല്ലോ എന്ന് പി.മോഹനൻ
മെക് 7- വിരമിച്ച പാരാ മിലിട്ടറി ഉദ്യോഗസ്ഥൻ തുടങ്ങിയ ഒരു വ്യായാമ കൂട്ടായ്മ. മലബാറിൽ ഏറെ പ്രചാരം നേടിയ ഈ കൂട്ടായ്മയെ ഇക്കഴിഞ്ഞ ദിവസം കേരളമൊന്നാകെ ഏറ്റെടുത്തു. കേരളത്തിലാകെ മെക് 7ന് സ്വീകാര്യത ലഭിച്ചു എന്നല്ല, മലയാളിയുടെ വാർത്താ ചാനലുകളിൽ രണ്ട് ദിവസം കൊണ്ടത് ചർച്ചയായി.
മൾട്ടി എക്‌സസൈസ് കോമ്പിനേഷൻ 7 എന്ന മെക് 7, 7 വ്യായാമ മുറകളുടെ ഒരു പാക്കേജ് ആണ്. 21 മിനിറ്റ് കൊണ്ട് ചെയ്ത് തീർക്കാവുന്ന വ്യായാമ മുറകളാണിത്. 2012ൽ മലപ്പുറം കൊണ്ടോട്ടി തുറയ്ക്കലിലെ പി.സലാഹുദ്ദീൻ ആണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്ത്രീകളും വയോധികരും ധാരാളമായെത്തുന്ന മെക് 7ൽ സൗജന്യമായാണ് പരിശീലനം. യൂണിഫോമിന്റെ 300 രൂപ നൽകേണ്ടതൊഴിച്ചാൽ വേറെ ചെലവുകളൊന്നുമില്ല. ആർക്കും യഥേഷ്ടം പങ്കെടുക്കാം.
2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് 7 രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. അങ്ങനെ വലിയ പ്രചാരം നേടി മുന്നേറുമ്പോഴാണ് ഈ കൂട്ടായ്മയ്‌ക്കെതിരെ ആദ്യമായി വിമർശനമുയർന്നത്. എ.പി സുന്നി വിഭാഗമായിരുന്നു രംഗത്ത്. മെക് 7ന് നിഗൂഢ ഉദ്ദേശം സംശയിക്കുന്നു എന്ന, സുന്നി യുവജനസംഘം ജില്ലാ സെക്രട്ടറി മുഹമ്മദ് കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ വേഗം വൈറലായി.
വ്യായാമ കൂട്ടായ്മയ്ക്ക് പിന്നിൽ ജമാഅത്ത് ആണെന്നും സുന്നികൾ അതിൽ പെട്ടുപോകരുതെന്നും പറയുന്ന സമസ്ത എ.പി വിഭാഗം നേതാവിന്റെ വീഡിയോയും മുഹമ്മദ് പങ്കുവച്ചിരുന്നു. സുന്നി വിഭാഗം നേതാവായ പേരോട് അബ്ദുറഹ്‌മാൻ സഖാഫിയും മെക് 7ന്റെ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിച്ചു. സംവിധാനത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന വാദം തന്നെ ആയിരുന്നു അദ്ദേഹത്തിന്റേതും.
തുടർന്ന് സിപിഎമ്മും സമാന വിമർനമുയർത്തി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മെക് 7നെതിരെ മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ ഇതിനോടകം തന്നെ വൈറലായിരുന്നു. മെക് 7ന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സംവിധാനത്തിന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ആണെന്നും. തളിപ്പറമ്പിൽ നടന്ന ഒരു പൊതു പരിപാടിക്കിടെ ആയിരുന്നു ഇത്. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കലാണ് മെക് 7എന്നും തീവ്രവാദികളെയും കൂട്ടിയുള്ള ഏർപ്പാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മോഹനന്റെ ആരോപണം വലിയ ചർച്ചകൾക്ക് തന്നെ വഴിവെച്ചു. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളും സമാന ആരോപണം ഉന്നയിച്ചതിന് പിന്നാലെ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം. സംഭവത്തിൽ എൻഐഎ അന്വേഷണം ഉണ്ടെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിനിടെ മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ സിപിഎം ആരോപണങ്ങൾ തള്ളി രംഗത്തെത്തി. വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബേപ്പൂർ മണ്ഡലത്തിലെ മെക്7 കൂട്ടായ്മയ്ക്ക് ആശംസയറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.
മെക് 7നെ പിന്തുണച്ച് വി.കെ ശ്രീകണ്ഠൻ എംപി രംഗത്തെത്തിയതാണ് മറ്റൊരു പ്രധാന സംഭവം. മെക് 7 രാജ്യമാകെ ഉണ്ടാകണമെന്നായിരുന്നു കൂട്ടായ്മയുടെ പട്ടാമ്പി മേഖലാ തല ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ.
എന്തായാലും സംഭവം കൈവിട്ടു എന്നറിഞ്ഞതോടെ സിപിഎം മലക്കം മറിഞ്ഞു. പൊതുവേദികളിൽ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘപരിവാർ തുടങ്ങിയ വർഗീയ ശക്തികൾ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്ന് മോഹനൻ തിരുത്തി. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുള്ള വ്യായാമക്കൂട്ടായ്മയാണ് ഇതെന്നും, എതിർക്കേണ്ടെന്നുമായിരുന്നു പുതിയ പരാമർശം.
വിവാദങ്ങൾ പിടിമുറുക്കിയപ്പോഴും തങ്ങൾ വ്യായാമക്കൂട്ടായ്മ മാത്രമാണെന്ന നിലപാടാണ് മെക് 7സംഘാടകർ മുറുകെ പിടിച്ചത്. കൂട്ടായ്മയ്ക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയോ പോപ്പുലർ ഫ്രണ്ടോ ഇല്ലെന്നും മെക് 7 കൂട്ടായ്മയിൽ സിപിഎം നേതാക്കളടക്കം ഉണ്ടെന്നും കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടിപിഎം ഹാഷിറലി പറഞ്ഞിരുന്നു.
Adjust Story Font
16