Quantcast

മരിച്ചിട്ടും തീരാത്ത ചൂഷണവും ലാഭക്കൊതിയും; മൈക്രോ ഫിനാൻസ് വായ്പാ കുരുക്കില്‍ അന്വേഷണം തുടരുന്നു

മരണാനന്തര ചടങ്ങുകൾ പൂർത്തിയാകും മുൻപ് ലതയുടെ മകളുടെ അടവിനായി വീണ്ടും ഏജന്റ് എത്തി. അമ്മ മരിച്ചതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിലായിരുന്നു ഇവര്‍

MediaOne Logo

Web Desk

  • Updated:

    2023-10-17 06:00:43.0

Published:

17 Oct 2023 3:30 AM GMT

MediaOne investigation continues on the loan scam of microfinance companies, MediaOne investigation on  microfinance loan scam
X

പാലക്കാട്: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ വായ്പാ കെണികളെ കുറിച്ചുള്ള മീഡിയവണ്‍ അന്വേഷണത്തില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. വായ്പാ കുരുക്കിലകപ്പെട്ട് ജീവനൊടുക്കേണ്ടി വന്ന വീട്ടമ്മയുടെ കഥ ശരിക്കും നെഞ്ചുലയ്ക്കുന്നതാണ്. ഏജന്‍റുമാരുടെ ഭീഷണിയും ശല്യവും കാരണം ജീവനൊടുക്കേണ്ടി വന്നയാളാണ് ലത. എന്നാല്‍, മരണത്തിനുശേഷവും ഇവര്‍ ചൂഷണവുമായി ഇരകളുടെ വീട്ടിലെത്തുന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്.

ഏജന്‍റ് വീടിന് പുറത്ത് ഭീഷണി മുഴക്കുമ്പോൾ ലത ജീവനൊടുക്കിയിരുന്നു. അപ്പോഴും കാര്യമറിയാതെ ഇവർ ഭീഷണി തുടർന്നു. ചിറ്റൂരിൽ നടക്കുന്നത് മനസ്സ് മരവിക്കുന്ന നടപടികളാണ്. ദുഃഖം മാറുംമുൻപ് വീട്ടിലെ മറ്റൊരു അംഗത്തിന്റെ അടവ് ഏജന്‍റ് എത്തി ദയയില്ലാതെ വാങ്ങിയതും ഞെട്ടിക്കുന്നതാണ്.

50,000 രൂപ വായ്പയെടുത്ത ലത ആഴ്ചയിൽ നൽകേണ്ടിയിരുന്നത് 1,350 രൂപയാണ്. അടവിൽ നിന്നും ഒരു തുക സമ്പാദ്യമായി മാറും. ഇങ്ങനെ ലതയുടെ 23,000 രൂപ ഈ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ ഉണ്ടായിരുന്നു. 15,000 രൂപ മാത്രമായിരുന്നു ഇനി തിരിച്ചടക്കേണ്ടത്. തനിക്ക് ഇതിന് സാധിക്കില്ലെന്നും സമ്പാദ്യ തുകയായ 23,000ത്തിൽനിന്ന് 15,000 പിടിച്ച് ബാക്കി തുക തന്നാൽ മതിയെന്നും ലത നിരന്തരം പറഞ്ഞതാണ്.

പക്ഷേ ഭീഷണിയും ക്രൂരമായ നടപടികളും മാത്രം ശീലിച്ച ഏജന്റുകൾ ഇതിന് അനുവദിച്ചില്ല. ഒരിക്കൽ ഏജന്റ് പുറത്തുനിന്ന് ഭീഷണിപ്പെടുത്തുമ്പോൾ ലത സ്വയം ജീവനെടുത്തിരുന്നു. അയല്‍പക്കത്തുള്ള ബന്ധുവാണ് ലതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോഴും തിരിച്ചെത്തിയ ഏജന്‍റ് ഇവരോട് പറഞ്ഞത് മനുഷ്യർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.

മരണാനന്തര ചടങ്ങുകൾ പൂർത്തിയാകും മുൻപ് ലതയുടെ മകളുടെ അടവിനായി വീണ്ടും ഏജന്റ് എത്തി. അമ്മ മരിച്ചതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിലായിരുന്നു ഇവര്‍. പാവങ്ങളെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും ഇത്തരം സ്ഥാപനങ്ങളുടെ ഏജന്റുകൾ രസിക്കുകയാണ്. തിരിച്ച് ഒരു പ്രതികരണമോ നടപടിയോ ഉണ്ടാകില്ലെന്ന് ഇവർക്ക് ഉറപ്പാണ്. ഈ കാര്യങ്ങളിൽ അടിയന്തരമായ ബോധവൽക്കരണം സാധാരണക്കാർക്കിടയിൽ ആവശ്യമാണ്.

Summary: MediaOne investigation continues on the loan scam of microfinance companies

TAGS :

Next Story