തെരഞ്ഞെടുപ്പ് ചൂടിൽ ആവേശമായി മീഡിയവൺ വടംവലി മത്സരം
മീഡിയവൺ പത്താം വാർഷികാഘോത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന വടംവലി മത്സരം 'പിടി വലി'യിൽ വിവിധ ജില്ലകളിൽ നിന്നായി 13 ടീമുകൾ പങ്കെടുത്തു
മീഡിയവൺ പത്താം വാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ നടത്തിയ സംസ്ഥാന വടംവലി മത്സരത്തിൻ്റെ വിജയികൾ മന്ത്രി വി.എൻ വാസവനോടൊപ്പം
കോട്ടയം: ചൂടുപിടിച്ച ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതുപ്പള്ളിയുടെ ബലാബലം തെളിയിച്ച് 'പിടി വലി' പോരാട്ടം. പുതുപ്പള്ളിയിൽ നടന്ന അഖില കേരള വടംവലി മത്സരത്തിലാണ് തെരഞ്ഞെടുപ്പ് പോരിനോളം ആവേശമുയർത്തിയ പോരാട്ടം അരങ്ങേറിയത്. മീഡിയവൺ സംഘടിപ്പിച്ച വടംവലി മത്സരം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മീഡിയവൺ പത്താം വാർഷികാഘോത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന വടംവലി മത്സരം 'പിടി വലി'യിൽ വിവിധ ജില്ലകളിൽ നിന്നായി 13 ടീമുകൾ പങ്കെടുത്തു.
മത്സരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. 460 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം നടന്നത്. എറണാകുളം പ്രളയക്കാട് 'പ്രതിഭ'യാണ് മത്സരത്തിലെ ചാമ്പ്യൻമാർ. കോട്ടയം വിസ്മയ പേരൂരിനെ പരാജയപ്പെടുത്തിയാണ് എറണാകുളം ടീം ജേതാക്കളായത്. പാലക്കാട് പട്ടാമ്പി വെസ്റ്റ് ഫോർട്ട് മൂന്നാം സ്ഥാനവും കോട്ടയം മോനിപ്പള്ളി തിരുഹൃദയപ്പള്ളി ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും പങ്കെടുത്ത ടീമുകളുടെയും കാണാനെത്തിയ വടംവില പ്രേമികളുടെയും അണമുറിയാത്ത ആവേശം രാത്രി വൈകിയും തുടർന്ന മത്സരത്തെ ഗംഭീരമാക്കി. ജേതാക്കൾക്കുള്ള കാഷ് അവാർഡും ട്രോഫിയും മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു.
സമാപന സമ്മേളനത്തിൽ റോജി എം ജോൺ എം.എൽ.എ, മീഡിയ വൺ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ് തുടങ്ങിയവരും പങ്കെടുത്തു. ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്, മിനാർ ടി.എം.ടി, ഗ്ലോബൽ അക്കാദമി എന്നിവരുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കോട്ടയം ഐ.ആർ.ഇ 'ഗ് ഓഫ് വാർ' അസോസിയേഷൻ മത്സരങ്ങൾ നിയന്ത്രിച്ചു.
Adjust Story Font
16