ചർച്ചയിൽ നിരാശ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിച്ച് ഡബ്ല്യു.സി.സി
സർക്കാർ വിളിച്ച സിനിമാ സംഘടനകളുടെ യോഗം അവസാനിച്ചു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവർത്തിച്ച് ഡബ്ല്യു.സി.സി. സർക്കാർ വിളിച്ച സിനിമാ സംഘടനകളുടെ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത് വിടണമെന്നും ഡബ്ല്യു.സി.സി പ്രതിനിധികൾ പറഞ്ഞു. ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും നിരാശരാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. പ്രസ്തുത വിഷയം ഡബ്ല്യു.സി.സിയുടെ മാത്രം പ്രശ്നമായി കാണരുതെന്നും പ്രതനിധികള്‍ പറയുന്നു.
അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 500 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് മറ്റ് ഉദ്ദേശ്യങ്ങളോടെയാണ്. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചു. മറ്റ് വിവാദങ്ങളിലേക്ക് പോകേണ്ടതില്ല. ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നാണ് 'അമ്മ'യുടെ പ്രതികരണം. ചർച്ചയിലെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്നു. ചിലത് നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങളുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ല. സർക്കാരാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നടന്‍ സിദ്ദിഖ് വ്യക്തമാക്കി. തുല്യവേതനമെന്ന നിർദേശത്തെ 'അമ്മ' എതിര്‍ക്കുകയും ചെയ്തു. സിനിമാ മേഖലയെ അനാവശ്യമായി നിയന്ത്രിക്കാനാണ് നീക്കമെങ്കിൽ എതിർക്കുമെന്നാണ് ഫിലിം ചേമ്പറിന്‍റെ പ്രതികരണം.
സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ സിനിമ സംഘടനകളുടെ യോഗം വിളിച്ചത്. ഡബ്ല്യു.സി.സി, അമ്മ, മാക്ട, ഫെഫ്ക ഉൾപ്പെടെ എല്ലാ സിനിമാ സംഘടനകൾക്കും ക്ഷണമുണ്ടായിരുന്നു.
Adjust Story Font
16