മുണ്ടക്കൈ ദുരന്തം: പുനരധിവാസമുൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യോഗം; ദുരിതബാധിതർ പങ്കെടുക്കും
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 24 നാൾ പിന്നിടുമ്പോഴാണ് ഇരകളുടെ യോഗം ചേരുന്നത്.
കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസവും അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരും.
ദുരന്തം നേരിട്ട് ബാധിച്ചവരും രക്ഷപ്പെട്ടവരും പങ്കെടുക്കുന്ന യോഗത്തിൽ ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എമാർ, സർവകക്ഷി നേതാക്കൾ, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ രാവിലെ ഒമ്പതിനാണ് യോഗം.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 24 നാൾ പിന്നിടുമ്പോഴാണ് ഇരകളുടെ യോഗം ചേരുന്നത്. ദുരന്തം നേരിട്ട് ബാധിച്ചവരും ചികിത്സയിലുള്ളവരും ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരുമായ ആളുകൾ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പുറമെ പുനരധിവാസ പദ്ധതിയുടെ നോഡൽ ഓഫീസർ ആയ വയനാട് മുൻ ജില്ലാ കലക്ടർ എ. ഗീതയും യോഗത്തിൽ പങ്കെടുക്കും. ദുരിതബാധിതരിൽ നേരിട്ട് പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ളവരുണ്ടെങ്കിൽ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാനും അഭിപ്രായം അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദുരിതബാധിതർ.
Adjust Story Font
16