ആളറിയാതെ എക്സൈസിനും 'കുപ്പി' വിറ്റു! ഒരാള്‍ അറസ്റ്റിൽ
ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന പ്രതിയെ മഫ്തിയിൽ മറഞ്ഞു നിന്ന് എക്സൈസ് പിടികൂടുകയായിരുന്നു
ബിവറേജസിന് സമീപം വിദേശമദ്യ വിൽപ്പന നടത്തിവന്ന പൊതുപ്രവർത്തകനെ എക്സൈസ് പിടികൂടി. നീലൂർ സ്വദേശിയായ ബോസി വെട്ടുകാട്ടി (47)ലാണ് അറസ്റ്റിലായത്. പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ ബി. ആനന്ദരാജും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്ന് നാലു ലിറ്ററിൽ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തിട്ടുണ്ട്. ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഒരാൾ അവിടെ അനധികൃത മദ്യവിൽപ്പന നടത്തുന്നതായി പാലാ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ആനന്ദ് രാജിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് തുടർന്ന് മറ്റൊരു പ്രിവൻ്റീവ് ഓഫീസറായ സി. കണ്ണൻ "കുപ്പി തേടി'' ബിവറേജസിനടുത്ത് ചുറ്റിക്കറങ്ങി.
ഇതിനിടെ ആളറിയാതെ 'അത്യാവശ്യക്കാരന്‍റെ' അടുത്തെത്തിയ ബോസി 100 രൂപാ കൂടുതൽ വാങ്ങി മദ്യം നൽകി. ഉടൻ തന്നെ മഫ്തിയിൽ മറഞ്ഞു നിന്ന പ്രിവൻ്റീവ് ഓഫീസർ ആനന്ദ് രാജും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.
Adjust Story Font
16