Quantcast

കോടികളുടെ മെറ്റാവേഴ്‌സ് തട്ടിപ്പ്; ഇരകളിൽ നൂറുകണക്കിനു മലയാളികളും-മീഡിയവൺ അന്വേഷണം

വലിയ ലാഭം പ്രതീക്ഷിച്ച് 10,000 മുതൽ 15 ലക്ഷം രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-08-22 07:33:36.0

Published:

22 Aug 2023 4:44 AM GMT

Online trading company stopped operating after extorting crores of rupees, including from Malayalis, AI trading scam, Metaverse Foreign Exchange scam, MTFE scam
X

കോഴിക്കോട്/കൊച്ചി: എ.ഐ ട്രേഡിങ്ങിന്‍റെ പേരില്‍ മലയാളികളില്‍നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയ ശേഷം കമ്പനി പ്രവർത്തനം നിർത്തി. മെറ്റാവേഴ്സ് ഫോറിന്‍ എക്‌സ്‌ചേഞ്ച്‌(എം.ടി.എഫ്.ഇ) എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ആയിരക്കണക്കിനു നിക്ഷേപകരെ പെരുവഴിയിലാക്കി പ്രവർത്തനരഹിതമായത്. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ തട്ടിപ്പ്. പ്രവാസികളടക്കം ആയിരക്കണക്കിന് മലയാളികള്‍ക്കു കോടികള്‍ നഷ്ടപ്പെട്ടതായി 'മീഡിയവണ്‍' അന്വേഷണത്തില്‍ കണ്ടെത്തി.

കോടിക്കണക്കിന് രൂപ ആളുകളുടെ കൈയില്‍നിന്ന് സമാഹരിച്ച ശേഷം പൂട്ടിപ്പോകുന്ന മണിചെയിന്‍ കമ്പനികളുടെ കൂട്ടത്തിലേക്കാണ് ഒരു പേരുകൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് എം.ടി.എഫ്.ഇയിലൂടെ. ഈ മാസം 16 മുതലാണ് മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോം പ്രവർത്തനം നിർത്തിയത്. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുഖേന ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി എല്ലാ ദിവസവും വരുമാനം നല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

എം.ടി.എഫ്.ഇ എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയായിരുന്നു പ്രവർത്തനം. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ട്രേഡിങ് ബട്ടന്‍ ഓണാക്കുന്നതോടെ ട്രേഡിങ് നടക്കുമെന്നാണ് വിശ്വസിപ്പിച്ചത്. നിക്ഷേപിച്ച തുകക്കനുസരിച്ച് ഓരോ ദിവസം ലാഭം അക്കൌണ്ടില് വന്നുകൊണ്ടിരുന്നു. ആളുകളെ ചേർക്കുന്നതനുസരിച്ച് ലാഭവും കൂടിക്കൊണ്ടിരുന്നു. ഇടയ്ക്കു പണം പിന്‍വലിക്കാം. ആദ്യമാദ്യം പണം നിക്ഷേപിച്ചവർക്ക് നല്ല വരുമാനമുണ്ടായതോടെ പതിനായിരക്കണക്കിനു പേരാണു നിക്ഷേപവുമായെത്തിയത്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എ.ഐ ട്രേഡിങ് എന്ന പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് എം.ടി.എഫ്.ഇ കേരളത്തിലും വിദേശത്തുമായി നടത്തിയത്. വലിയ ലാഭം പ്രതീക്ഷിച്ച് 10,000 മുതൽ 15 ലക്ഷം രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരുണ്ട്.

സിസ്റ്റം അപ്ഡേറ്റാണെന്നും അതിനാല്‍ പണം പിന്‍വലിക്കുന്നതിനു നിയന്ത്രണമുണ്ടെന്നും പറഞ്ഞ് ഈ മാസം 16നു നിക്ഷേപകര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെയാണു ദുരൂഹത ആരംഭിച്ചത്. പിന്നാലെ ആപ്പ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്തതോടെയാണു കോടികളുടെ നിക്ഷേപ തട്ടിപ്പ് പുറത്താകുന്നത്.

ലക്ഷങ്ങള്‍ നിക്ഷേപിച്ചവർ ഇപ്പോള്‍ മൂലധനം പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ്. കൂടുതുല്‍ ആളുകളെ ചേർത്തവർക്ക് സി.ഇ.ഒ എന്ന പേരില്‍ പദവികള്‍ നല്കിയിരുന്നു. പലരും കേരളത്തില്‍ എം.ടി.എഫ്.ഇയുടെ ഓഫീസ് തുറന്നു. അവരെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. നഷ്ടപ്പെട്ട പണം എങ്ങനെ തിരികെക്കിട്ടുമെന്നോ കാനഡ ആസ്ഥാനമാണെന്നു പറയുന്ന കമ്പനിക്കെതിരെ എവിടെ കേസുകൊടുക്കുമെന്നോ അറിയാതെ ആശങ്കയിലാണ് നിക്ഷേപകർ.

Summary:

TAGS :

Next Story