മിൽമ ജീവനക്കാർ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം മേഖലാ ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്
തിരുവനന്തപുരം: മിൽമയിലെ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു. മിൽമ തിരുവനന്തപുരം മേഖലാ ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ് ഉണ്ടായത്. അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോർഡ് ചേർന്ന് തീരുമാനമെടുക്കും. ഈ മാസം 30നകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. സമരത്തിനെതിരെ നൽകിയ പരാതി പിൻവലിക്കുമെന്നും മിൽമ മാനേജ്മെൻറ് തൊഴിലാളി സംഘടനയുടെ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണമായത്. നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നും ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നുമാണ് സമരക്കാര്‍ ഉന്നയിച്ചത്. സമരം ഒത്തു തീർപ്പായതിനെ തുടർന്ന് നാളെ തിരിച്ച് ജോലിയിൽ പ്രവേശിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. സിഐടിയു, ഐൻടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
Adjust Story Font
16