തിരുവോണ ദിവസം മാത്രം വിറ്റത് 35 ലക്ഷം ലിറ്റർ പാൽ; ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ
സെപ്തംബർ നാല് മുതൽ ഏഴ് വരെയുള്ള നാല് ദിവസങ്ങളിലായി 94,59,576 ലിറ്റർ പാലാണ് വിറ്റത്. ഓണക്കാല വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ 11.12 ശതമാനം വർധനവാണുള്ളത്.
തിരുവനന്തപുരം: ഓണക്കാലത്തെ നാലു ദിവസത്തെ പാൽവിൽപ്പനയിൽ സർവകാല റെക്കോർഡിട്ട് മിൽമ. സെപ്തംബർ നാല് മുതൽ ഏഴ് വരെയുള്ള നാല് ദിവസങ്ങളിലായി 94,59,576 ലിറ്റർ പാലാണ് വിറ്റത്. ഓണക്കാല വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ 11.12 ശതമാനം വർധനവാണുള്ളത്. തിരുവോണ ദിവസം മാത്രം 35 ലക്ഷത്തിലധികം (35,11,740) ലിറ്റർ പാലാണ് വിറ്റത്.
നാലു ദിവസങ്ങളിലായി 11,30,545 കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈര് വിറ്റു. എട്ടു ലക്ഷത്തോളം പാലട പായസം മിക്സ്, ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വഴി 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 50 മില്ലിലിറ്റര്‍ വീതം നെയ്യ്, കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് വഴി മില്‍മ ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലക്ഷം മില്‍മ കിറ്റ് വിതരണം ചെയ്യാനും സാധിച്ചു.
മിൽമയുടെ ഈ നേട്ടം ഉപഭോക്താക്കൾ മിൽമയിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പ്രതികൂലമായ നിരവധി പ്രതിസന്ധികളെ നേരിട്ട് ഈ നേട്ടം കൈവരിക്കാൻ കൂട്ടായ പരിശ്രമം മിൽമ ഭരണ സമിതി നടത്തി എന്നതും എടുത്ത് പറയേണ്ടതാണ്. ക്ഷീരകർഷകരുടേയും പൊതുജനങ്ങളുടേയും ക്ഷേമവും, താൽപര്യങ്ങളും ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ നന്മയായി മുന്നോട്ട് പോകാൻ മിൽമക്ക് കഴിയട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16