Quantcast

കിറ്റെക്‌സില്‍ പരിശോധന നടത്തിയത് ബെന്നി ബഹനാന്റെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് വ്യവസായമന്ത്രി

പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റെക്‌സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്നും വ്യവസായമന്ത്രി

MediaOne Logo

Web Desk

  • Published:

    5 July 2021 3:12 PM GMT

കിറ്റെക്‌സില്‍ പരിശോധന നടത്തിയത് ബെന്നി ബഹനാന്റെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് വ്യവസായമന്ത്രി
X

സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പോ മുന്‍കൈയെടുത്ത് ഒരു പരിശോധനയും കിറ്റെക്സില്‍ നടത്തിയിട്ടില്ലെന്ന് വ്യവസായമന്ത്രി പി. രാജീവ്. സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന് ബെന്നി ബഹനാന്‍ എം.പി നല്‍കിയ പരാതി പി. ടി. തോമസ് എം.എല്‍.എ. ഉന്നയിച്ച ആരോപണം,വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്‍കിയ നിര്‍ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റെക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റെക്‌സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിറ്റെക്സില്‍ പരിശോധന നടന്നതുസംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന ഉടനെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തെ ഫോണില്‍ കിട്ടാത്തതിനാല്‍ അദ്ദേഹത്തെ സഹോദരനെ വിളിച്ചു. വളരെ സൗഹാര്‍ദപരമായാണ് സംസാരിച്ചത്. പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം മാനേജരും അവരുമായി ബന്ധപ്പെട്ടു. ജൂണ്‍ 29നാണ് വ്യവസായ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി അവര്‍ പ്രഖ്യാപിച്ചത്. അന്നും അവരുമായി താന്‍ നേരിട്ട് ബന്ധപ്പെടാന്‍ രണ്ട് തവണ ശ്രമിച്ചിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അദ്ദേഹത്തെ നേരിട്ട് പോയി ബന്ധപ്പെട്ടു. സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ഞങ്ങള്‍ സ്വയം പരിശോധന നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞത് വാസ്തവവിരുദ്ധമാണ്.

3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റെക്സ് നല്‍കികിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിന്റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. 2020ജനുവരി9, 10 തിയതികളിലാണ് അസന്റ് നിക്ഷേപക സംഗമം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് വ്യവസായ വകുപ്പ് അധികൃതര്‍സാബു. എം. ജേക്കബ്ബുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി. ഇതില്‍ ചില ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം, പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ മാറ്റം, ഫാക്ടറീസ് ആക്റ്റിലെ മാറ്റം, കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി 100 കോടിയായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. അസന്റില്‍ ഉയര്‍ന്ന പൊതു നിര്‍ദേശങ്ങള്‍ തന്നെയായിരുന്നു ഇവയും. നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് കിറ്റക്സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട്ട് 50 ഏക്കറില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020 ജൂലൈ 8ന് അപേക്ഷ സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 11ന് ഇതേക്കുറിച്ച് കിന്‍ഫ്ര പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്സിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story