'വേങ്ങര യാഥാസ്ഥികരുടെ കേന്ദ്രമായിരുന്നു'; മന്ത്രി ആർ ബിന്ദുവിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശം
വംശീയമായ മുന്‍വിധിയാണ് മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നില്‍ എന്നാണ് വിമര്‍ശം
മലപ്പുറം: മുപ്പതു വര്‍ഷം മുമ്പ് വേങ്ങര യാഥാസ്ഥികരുടെ കേന്ദ്രമായിരുന്നു എന്ന പരാമർശവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സ് വേങ്ങരയിലെത്തിയപ്പോൾ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ വംശീയധ്വനിയുള്ള പരാമർശം. വേങ്ങരയില്‍ റവന്യൂമന്ത്രി കെ രാജന്‍ നടത്തിയ പ്രസംഗഭാഗം പങ്കുവച്ച് മന്ത്രി എഴുതിയ കുറിപ്പിങ്ങനെ;
'വേങ്ങര...മുപ്പതു വർഷം മുൻപ് ഞാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിൽ പഠിക്കുമ്പോൾ കലാകാരൻ കൂടിയായ വേങ്ങര ബാപ്പുവേട്ടന്റെ നേതൃത്വത്തിൽ സെംഘടിപ്പിക്കാറുള്ള ചില പൊതുയോഗങ്ങളിൽ പങ്കെടുക്കാറുണ്ട്, വേങ്ങരയിൽ. ..അന്നീ പ്രദേശങ്ങൾ യാഥാസ്ഥിതികരുടെ കേന്ദ്രമായിരുന്നു. .....ഇന്നീ നവകേരളസദസ്സിൽ പിണറായിയെ കാണാൻ, കേൾക്കാൻ, ഞങ്ങളെ കേൾക്കാൻ വന്ന മഹാജനങ്ങളെ കണ്ട് ആഗ്രഹിച്ചു പോകുന്നു.... ഇതു കാണാൻ സ വേങ്ങര ബാപ്പു ഉണ്ടായിരുന്നെങ്കിൽ.'
പോസ്റ്റിനെ വിമർശിച്ച് നിരവധി പേർ കമന്റിൽ അഭിപ്രായം രേഖപ്പെടുത്തി. 'പിണറായിയെ കാണാൻ വന്നവർ എല്ലാം പുരോഗമനപക്ഷം, കമ്യൂണിസത്തിൽ നിന്ന് അകന്നു നിന്നിരുന്നവർ എല്ലാം യാഥാസ്ഥികർ. നിങ്ങൾക്ക് എന്നാണ് നേരം വെളുക്കുക' എന്നാണ് യെച്ചു രമ എന്ന യൂസർ എഴുതിയത്.
'ആരാണ് ഈ യാഥാസ്ഥികർ എന്നതുകൊണ്ട് മാഡം ഉദ്ദേശിച്ചത്? അവർക്ക് മാറ്റമുണ്ടായി എന്ന താങ്കളുടെ പ്രത്യാശ നിർഭരമായ എഴുത്ത് പിണറായിയെ കാണാൻ വന്നു എന്നതാണോ? മലപ്പുറമായതുകൊണ്ട് എഴുന്നള്ളിയ പദപ്രയോഗമല്ലേ ഈ 'യാഥാസ്ഥികത'? കഷ്ടം തന്നെ!' - എന്നാണ് എൻ.എസ് അബ്ദുൽ ഹമീദ് കമന്റായി കുറിച്ചത്.
മന്ത്രിയുടെ പരാമർശം വംശീയമാണെന്ന് അഭിഭാഷകനായ അമീൻ ഹസൻ ആരോപിച്ചു. മുൻവിധികൾ മാറിയാലേ ഇതിൽ മാറ്റമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ;
'ആരാണ് മന്ത്രി ഈ പറയുന്ന യാഥാസ്ഥിതികർ?.
ഇങ്ങനെ കേരളത്തിലെ മറ്റ് ഏതെങ്കിലും ഒരു ജനസമൂഹം താമസിക്കുന്ന ഇടത്തെ കുറിച്ച് അവർ പറയുമോ?. എന്താണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വരുന്നതിലൂടെ സംഭവിക്കുന്ന മാറ്റമായി അവർ കാണുന്നത്?. മലപ്പുറത്തെ കുറിച്ചുള്ള ഈ തരം വംശീയ നോട്ടങ്ങൾ എത്ര വിലയുള്ള കണ്ണാടി വെച്ചാലും മാറില്ല. അത് അകത്തെ ദുഷിച്ച മുൻവിധികൾ തന്നെ മാറണം.'
Adjust Story Font
16