കെ.ടി.യു വിസി; സർക്കാറിന് പിടിവാശിയില്ലെന്ന് മന്ത്രി ആർ.ബിന്ദു
'തുടർനടപടി വിധി വിശദമായി പഠിച്ച ശേഷം'
തിരുവനന്തപുരം: കെ.ടി.യു താത്ക്കാലിക വി.സി നിയമനത്തിലെ ഹൈക്കോടതി വിധി വിശദമായി പഠിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അപ്പീൽ പോകണമോയെന്നതിൽ ഉൾപ്പെടെ തീരുമാനം പിന്നീട് സ്വീകരിക്കും.ഇക്കാര്യത്തിൽ സർക്കാറിന് പിടിവാശിയില്ല. അസാധാരണ സാഹചര്യങ്ങളാണ് സർവകലാശാല വിഷയത്തിൽ നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സർക്കാരിന് പിടിവാശിയില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആവർത്തിക്കുമ്പോഴും സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി നിയമോപദേശം തേടും. കോടതി വിധിക്ക് പിന്നാലെ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ അനുവദിക്കാനും പരീക്ഷ ഫലം പ്രസിദ്ധീകരിക്കാനുമുള്ള നീക്കങ്ങൾ താൽക്കാലിക വിസി സിസ തോമസ് വേഗത്തിലാക്കി.
ഒന്നരമാസം മുമ്പാണ് സുപ്രിംകോടതി വിധിയെ തുടർന്ന് എംഎസ് രാജശ്രീക്ക് വിസി സ്ഥാനം നഷ്ടമായത്. എങ്കിലും കെടിയു വെബ് സൈറ്റിൽ ഇപ്പോഴും വിസിയായി രേഖപ്പെടുത്തിയിരിക്കുന്നത് എംഎസ് രാജശ്രീയുടെ പേരാണ്. വെബ് സൈറ്റ് പുതുക്കാത്തതാണ് ഇതിന് കാരണമെന്നാണ് സർവകലാശാല വിശദീകരണം.
Adjust Story Font
16