Quantcast

ഉരുൾപൊട്ടൽ; കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    30 July 2024 7:01 AM GMT

Mundakkai Landslide
X

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം.

ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

നഴ്‌സുമാരേയും അധികമായി നിയോഗിക്കണം. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയില്‍ ഓടാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.

ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവശ്യമെങ്കില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കും. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കും. ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story