Quantcast

കോട്ടയത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിൽ ഉത്തരവാദിത്തം നഗരസഭയ്‌ക്കെന്ന് മന്ത്രി വി.എൻ വാസവൻ

ലൈസൻസ് റദ്ദാക്കിയ ഹോട്ടലിന് വീണ്ടും ആരാണ് ലൈസൻസ് നൽകിയതെന്ന് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-01-05 11:33:39.0

Published:

5 Jan 2023 11:30 AM GMT

കോട്ടയത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിൽ ഉത്തരവാദിത്തം നഗരസഭയ്‌ക്കെന്ന് മന്ത്രി വി.എൻ വാസവൻ
X

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചതിന്റെ ഉത്തരവാദിത്തം നഗരസഭയ്‌ക്കെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ലൈസൻസ് റദ്ദാക്കിയ ഹോട്ടലിന് വീണ്ടും ലൈസൻസ് നൽകിയത് ശരിയല്ല. ഇതിൽ നിന്ന് നഗരസഭാ അധികൃതർക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന രശ്മി മരിച്ചത്.

ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതും, വൃത്തിയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതും നഗരസഭയുടെ ചുമതലയാണ്. ലൈസൻസ് റദ്ദാക്കിയ ഹോട്ടലിന് വീണ്ടും ആരാണ് ലൈസൻസ് നൽകിയതെന്ന് മന്ത്രി ചോദിച്ചു. ഇക്കാര്യത്തിൽ പൂർണമായും നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. അതേസമയം ഹെൽത്ത് സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്ത് നഗരസഭ നടപടി സ്വീകരിച്ചിരുന്നു. ഇടതുപക്ഷ സംഘടനയുടെ ഭാഗമായയാളെയാണ് നഗരസഭ സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ ഇടതുപക്ഷ അനുകൂല ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയായത്‌കൊണ്ട് തന്നെ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായേക്കും. നഗരസഭയുടെ വീഴ്ച ഏതെങ്കിലും ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് തലയൂരാനുള്ള പദ്ധതി നടക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ച് പൂട്ടിയിരുന്നു. ആരോഗ്യനില മോശമായ രശ്മി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് രശ്മിയെ വെന്റിലറേറ്ററിലേക്ക് മാറ്റുകയും ചെയ്തു.പിന്നീടാണ് രശ്മിയുടെ മരണം സംഭവിച്ചത്. ഭക്ഷ്യവിഷബാധയേറ്റ മറ്റു ചിലർ കിംസ്, കാരിത്താസ് എന്നീ ആശുപത്രികളിലായി ചികിത്സ തേടി. വയറിളക്കവും ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

TAGS :

Next Story