അമൽജ്യോതി കോളജിലെ വിദ്യാർഥി സമരം: മന്ത്രിതല ചർച്ച ഇന്ന്
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി.എൻ വാസവനുമാണ് കോളജ് മാനേജ്മെൻ്റുമായും വിദ്യാർഥി പ്രതിനിധികളുമായും ചർച്ച നടത്തുക
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ വിദ്യാർഥി ജീവനൊടുക്കിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി.എൻ വാസവനുമാണ് കോളജ് മാനേജ്മെൻ്റുമായും വിദ്യാർഥി പ്രതിനിധികളുമായും ചർച്ച നടത്തുക. എന്നാൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിലെ പ്രശ്ന പരിഹാരത്തിന് മന്ത്രിമാരുടെ സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് നേരിട്ടെത്തുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.
വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ തുടർന്ന് ചർച്ചക്ക് തയ്യാറായ മാനേജ്മെൻ്റ്, വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിരിക്കുകയാണ്. മാനേജ്മെൻറിനെതിരെ വിദ്യാർഥികൾ സമരം കടുപ്പിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സർക്കാർ നേരിട്ടിടപെടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കോളജിൽ നേരിട്ടെത്താനായിരുന്നു ആദ്യ തീരുമാനം. രാത്രിയോടെയാണ് ചർച്ച കാഞ്ഞിരപ്പള്ളി സർക്കാർ അതിഥിമന്ദിരത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ ആവശ്യം മാനേജ്മെൻ്റ് തളളിയതിന് പുറമേ സമരത്തെ കാഞ്ഞിരപ്പള്ളി രൂപത തന്നെ എതിർത്ത് രംഗത്ത് വന്നിരുന്നു.
സർക്കാർ ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ എൻ ജയരാജിൻ്റെ നേതൃത്വത്തിൽ നടന്ന രണ്ട് ദിവസത്തെ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സംഘം നേരിട്ടെത്തുന്നത്. ഇതിന് പുറമേ സാങ്കേതിക സർവകലാശാല പ്രതിനിധികളും ഇന്ന് കോളജിലെത്തുന്നുണ്ട്. മാനേജ്മെൻ്റ് പ്രതിനിധികളെയും വിദ്യാർഥികളെയും നേരിട്ട് കണ്ട ശേഷം സർവകലാശാലക്ക് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം ആവശ്യങ്ങൾ അംഗീകരിക്കും വരെ കോളജ് കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
Adjust Story Font
16