Quantcast

'കെടാവിളക്ക്' സ്‌കോളർഷിപ്പിൽ നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് വിവേചനം: ലാറ്റിൻ കാത്തലിക് അസോസിയേഷൻ

വിദ്യാഭ്യാസത്തിന് നൽകേണ്ട സ്‌കോളർഷിപ്പ് തുക പോലും നൽകാതെ ഇതര കാര്യങ്ങൾക്ക് ഫണ്ട് ചെലവാക്കുന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും കാത്തിലിക് അസോസിയേഷൻ

MediaOne Logo

Web Desk

  • Published:

    9 Nov 2023 10:15 AM GMT

Minorities Excluded From Kedavilakku Scholarships is Discrimination: Latin Catholic Association
X

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് 'കെടാവിളക്ക്' എന്ന പേരിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ആരംഭിച്ച സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത് വിവേചനപരമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേന്ദ്രസർക്കാരിന്റെ പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ പ്രകാരം പ്രീമെട്രിക് സ്‌കോളർഷിപ്പ് കഴിഞ്ഞവർഷം മുതൽ 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാർത്ഥികൾക്കായി എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂർണമായും ഒഴിവാക്കിയത്. 17.10. 2023 ൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലത്തിൽ നിന്ന് ഇറക്കിയ വിജ്ഞാപനം പ്രകാരം ഒ ഇ സി, ഒ ബി സി(എച്ച്), ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല എന്നാണ് നിർദ്ദേശമെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഈ വർഷം മുതൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യാനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിനോടും പിന്നോക്ക വിഭാഗ വികസന വകുപ്പിനോടും പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കാൻ നിർദ്ദേശിച്ചുവെങ്കിലും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതിക്ക് മാത്രമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധി മൂലമാകാമെന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കുട്ടികളുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് നൽകേണ്ട സ്‌കോളർഷിപ്പ് തുക പോലും നൽകാതെ ഇതര കാര്യങ്ങൾക്ക് ഫണ്ട് ചെലവാക്കുന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും കാത്തിലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.

47 വിഭാഗങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ഇത്തരത്തിൽ ചിലരെ മാത്രം മാറ്റിനിർത്തുന്നത് വിവേചനമാണെന്ന് ആരോപിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പരാതി നൽകിയതായി ജനറൽ സെക്രട്ടറി ബിജു ജോസി അറിയിച്ചു.


Minorities Excluded From 'Kedavilakku' Scholarships is Discrimination: Latin Catholic Association

TAGS :

Next Story