കൈവിട്ടു പോയ അമ്മയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; വീട്ടിലേക്ക് കൈപിടിച്ച് മക്കള്‍
ഇതുവരെ അമ്മയെ സംരക്ഷിച്ച ചാരിറ്റി വില്ലേജ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് സൗന്ദരരാജൻ മടങ്ങിയത്
മാനസിക വിഭ്രാന്തിമൂലം വീടുവിട്ടിറങ്ങിയ പളനിയമ്മാളിന് ഇനിയുള്ള കാലം മക്കളോടൊപ്പം കഴിയാം. 10 വർഷം മുൻപാണ് തമിഴ്നാട് സ്വദേശിനിയായ പളനിയമ്മാളെ കാണാതായത്. വെഞ്ഞാറമ്മൂട് ചാരിറ്റി വില്ലേജിലെത്തി മകന്‍ സൗന്ദരരാജന്‍ പളനിയമ്മാളെ കൂട്ടിക്കൊണ്ടുപോയി.
10 വര്‍ഷം മുന്‍പ് സൗന്ദരരാജന് കൈവിട്ട് പോയതാണ് അമ്മയെ. തേടാവുന്ന നാടുകളിലെല്ലാം തേടി, പറയാവുന്നിടത്തെല്ലാം പറഞ്ഞു. ഒടുവില്‍ ഒരു വിവരവുമില്ലാതായപ്പോള്‍ മരിച്ചെന്ന് വിധിയെഴുതി. അങ്ങനെ നോക്കിയാല്‍ ഇത് 75കാരി പളനിയമ്മാളിന്റെ പുനര്‍ജന്‍മം കൂടിയാണ്.
മാനസികപ്രശ്നങ്ങളെ തുടര്‍ന്നാണ് തമിഴ്നാട് ശിവഗംഗ സ്വദേശിനി പളനിയമ്മാള്‍ വീട് വിട്ടിറങ്ങിയത്. മൂന്നര വര്‍ഷത്തെ അന്വേഷണത്തിലും യാതൊരു പുരോഗതിയുമില്ലാത്തതിനാല്‍ പൊലീസും ബന്ധുക്കളും മരണമുറപ്പിച്ചു. എന്നാല്‍ മരിച്ചു എന്ന് കരുതിയ അമ്മയെ ഒരു നീണ്ട കാലയളവിന് ശേഷം ജീവനോടെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് മകൻ സൗന്ദരരാജൻ.
നാലര വർഷം മുൻപ് ലീഗൽ സർവ്വീസ് അതോറിറ്റിയാണ് പളനിയമ്മാളെ വെഞ്ഞാറമ്മൂട് ചാരിറ്റി ഹോമിലെത്തിച്ചത്. ഇവിടത്തെ ചികിൽസയ്ക്കിടയിലാണ് പളനിയമ്മ ബന്ധുക്കളെ പറ്റി സൂചന നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു.
ഇതുവരെ അമ്മയെ സംരക്ഷിച്ച ചാരിറ്റി വില്ലേജ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് സൗന്ദരരാജൻ മടങ്ങിയത്. ഭിക്ഷാടന മാഫിയയുടെ ക്രൂരതയ്ക്കിരയായ കുട്ടി ഉള്‍പ്പെടെ 80ഓളം പേരാണ് ചാരിറ്റി വില്ലേജിന്റെ സംരക്ഷണത്തിൽ കഴിയുന്നത്.
Adjust Story Font
16