എം.കെ മുനീർ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായേക്കും; സംസ്ഥാന കൗൺസിൽ യോഗം ഇന്ന് കോഴിക്കോട്ട്
സംസ്ഥാന കൗൺസിലിലെ അഭിപ്രായവും പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടും നിർണായകം
കോഴിക്കോട്: ഡോ.എം.കെ മുനീർ എം.എൽ.എ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയാകാൻ സാധ്യതയേറുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയുള്ള പി.എം.എ സലാമും ആത്മവിശ്വാസത്തിലാണ്. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞടെുക്കാനുള്ള സംസ്ഥാന കൗണസിൽ ഇന്ന് കോഴിക്കോട് ചേരുമ്പോൾ ഏവരും ഉറ്റു നോക്കുന്നത് പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടാണ്. പി.എം.എ സലാമിനെ ട്രഷററാക്കിക്കൊണ്ടുള്ള സമയവായ ചർച്ചയും സജീവമാണ്.
അടുത്തൊന്നും മുസ്‌ലിം ലീഗിൽ കാണാത്ത വീറും വാശിയുമാണ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടരും. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളാണ് മുറുകിയിരിക്കുന്നത്. മുൻ മന്ത്രിയും പൊതുസമ്മതിയുള്ള ലീഗ് നേതാവും സർവോപരി സി.എച്ച് മുഹമ്മദ് കോയയുടെ മകനുമായ ഡോ. എം.കെ മുനീർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. പുതിയ കാലത്ത് പുതിയ വെല്ലുവിളികളെ നേരിടാൻ സ്വാധീനമുള്ള നേതാവ് വേണം. ലീഗ് സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് സംഘടനയെ ചലിപ്പിക്കാനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നത് എം.കെ മുനീറിനാണെന്നാണ് മുനീർ പക്ഷത്തിന്റെ വാദം. ഇ.ടി മുഹമ്മദ് ബഷീറും കെ.എം ഷാജിയും തുടങ്ങി പാണക്കാട് കുടുംബാംഗങ്ങളടക്കം ഈ നിലപാടുള്ളവരാണ്.
പാണക്കാട് കുടുംബവുമായി സി.എച്ച് കുടുംബത്തിന്റെ സുദൃഡ ബന്ധവും ചുണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ നിലവിലെ ജനറൽ സെക്രട്ടറി പി.എം.എ സലാം തുടരട്ടെ എന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയടക്കം മറ്റൊരു വിഭാഗം നേതാക്കളുടെ അഭിപ്രായം. താൽക്കാലികമായി ചുമതല ഏൽപ്പിക്കപ്പെട്ട പി.എം.എ സലാം സംഘടനയെ നന്നായി മുന്നോട്ടു കൊണ്ടുപോയെന്നാണ് ഈ വിഭാഗം പറയുന്നത്. സമയവായ ഫോർമുല എന്ന നിലയിൽ മുനീറിനെ ട്രഷററാക്കാം എന്ന നിർദേശം കുഞ്ഞാലിക്കുട്ടി വിഭാഗം വെച്ചെങ്കിലും മറു വിഭാഗം അംഗീകരിച്ചില്ല. പി.എം.എ സലാമിനെ ട്രഷററാക്കാനുള്ള നിർദേശം ഉയർന്നതായും സൂചനയുണ്ട്. ഇന്നലെ നടന്ന സംസ്ഥാന - ജില്ലാ ഭാരവാഹികളുമായുള്ള ആശയവിനിമയത്തിലും രണ്ടു നേതാക്കൾക്ക് വേണ്ടിയും അഭിപ്രായം ഉയർന്നിരുന്നു. അതിനാൽ ഇന്ന് നടന്നക്കുന്ന സംസ്ഥാന കൗൺസിലിലെ അഭിപ്രായവും പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടും നിർണായകമാകും. രാവിലെ 11ന് ഉന്നതാധികാര സമിതി ചേരും. പിന്നാലെ പഴയ സംസ്ഥാന കൗൺസിൽ ചേരും. ഉച്ചയോടെയാകും പുതിയ സംസ്ഥാന കൗണ്‌സിൽ ചേരുന്നതും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതും.
Adjust Story Font
16