'ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോൺഗ്രസിലെ രീതി, സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം'; എം.കെ രാഘവൻ എം.പി
'രാജാവ് നഗ്നനാണ് എന്ന് പറയാൻ ആരും തയ്യാറല്ല'
കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എം.കെ രാഘവൻ എം.പി. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് പാർട്ടിയിലെ ഇപ്പോഴത്തെ അവസ്ഥയെന്നും എം.കെ രാഘവന്‍ കോഴിക്കോട്ട് പറഞ്ഞു. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ശങ്കരന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു എം.കെ രാഘവൻ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
'ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോൺഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല,വിയോജനക്കുറിപ്പ് പറ്റില്ല, വിമർശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാർട്ടി മാറുന്നുണ്ടോ എന്ന് സ്വയം സംശയിക്കുന്ന ആളാണ് ഞാൻ. രാജാവ് നഗ്നനാണ് എന്ന് പറയാൻ ആരും തയ്യാറല്ല. പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും'. ജനങ്ങളും നാടും അംഗീകരിച്ച വി എം സുധീരനെ പോലെയുളളവരെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും എം.കെ രാഘവൻ ആവശ്യപ്പെട്ടു.
'ലീഗിൽ വരെ തെരഞ്ഞെടുപ്പ് നടന്നെന്നും കോൺഗ്രസിൽ എപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും രാഘവൻ ചോദിച്ചു. അർഹതയുള്ള എത്രയോ ആളുകൾ പുറത്ത് നിൽക്കുകയാണ്. എന്ത് പുനസംഘടനയാണെങ്കിലും പാർട്ടിയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കൊണ്ടുവരണമെന്നും എം.കെ രാഘവന്‍ പറഞ്ഞു.
Adjust Story Font
16