'വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതി'; ചിന്നക്കനാൽ റിസർവ് ആയി പ്രഖ്യാപിച്ചതിനെതിരെ എം.എം മണി
"ഇവിടെ താമസിക്കുന്നവർ ഇവിടെ തന്നെ താമസിക്കും, അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരുന്നതാവും ഫലം"
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ചതിനെതിരെ എം.എം.മണി എംഎൽഎ. വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും വിജ്ഞാപനത്തിനെതിരെ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്നും എം.എം മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒരു വിജ്ഞാപനവും അംഗീകരിക്കില്ല. അത് മടക്കി പോക്കറ്റിൽ വച്ചാൽ മതി. വിജ്ഞാപനം പിൻവലിക്കണം, നടപടികളുമായി മുന്നോട്ട് പോയാൽ ജനങ്ങൾ നേരിടും. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. സർക്കാർ തലത്തിൽ ഇടപെടൽ നടത്തും. ഇവിടെ താമസിക്കുന്നവർ ഇവിടെ തന്നെ താമസിക്കും. അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരുന്നതാവും ഫലം". മണി പറഞ്ഞു.
എച്ച്.എൻ.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്നതുമായ സ്ഥലമാണ് റിസർവ് വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയത്. പട്ടയം ലഭിച്ചതും ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച് നൽകിയ ഭൂമിയും സംരക്ഷിത വനമേഖലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിയേറ്റ കർഷകർക്ക് സർക്കാർ നീക്കം തിരിച്ചടിയായതോടെ പ്രതിഷേധവും ശക്തമായി. സർക്കാരിന്‍റേത് ഇരട്ടത്താപ്പ് നയമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
നവകേരള സദസിന് മുമ്പായി വിജ്ഞാപനം പിൻവലിക്കാൻ സി.പി.എം ജില്ലാ നേതൃത്വവും സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. എച്ച്.എൻ.എല്ലുമായുള്ള പാട്ടക്കാലാവധി കഴിഞ്ഞതോടെയാണ് സ്ഥലം വനം വകുപ്പ് ഏറ്റെടുത്തത്. സെറ്റിൽമെന്റ് ഓഫീസറായ ദേവികുളം ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ പ്രത്യേക ഹിയറിംഗ് നടത്തിയതിന് ശേഷം വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനമിറക്കാനാണ് വനം വകുപ്പിന്റെ നീക്കം.
Adjust Story Font
16