തൃക്കാക്കര പീഡനക്കേസ്: മൂന്നാം പ്രതി സി.ഐ പി.ആർ സുനു ജോലിയിൽ പ്രവേശിച്ചു
സുനുവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു
കോഴിക്കോട്: തൃക്കാക്കര പീഡനക്കേസില്‍ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ പി.ആർ സുനു ഡ്യൂട്ടിയിൽ പ്രവേശിച്ചു. ബേപ്പൂർ സ്റ്റേഷനിലെത്തി സുനു ചാർജെടുത്തു.ബലാത്സംഗം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു പി.ആർ സുനു.അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനുവിനെ വിട്ടയച്ചിരുന്നത്.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സുനുവിനെ നാലുദിവസത്തോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തിരുന്നത്. തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വെച്ചും സി.ഐ അടക്കമുള്ളവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ, യുവതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.
കേസിൽ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇതിൽ സി.ഐക്കൊപ്പം നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു.
Adjust Story Font
16