എളുപ്പത്തിൽ പണം ലഭിക്കും പക്ഷെ പണി പിന്നാലെയുണ്ട്; ലോൺ ആപ്പ് കെണികൾ പലവിധം
ആധാർ കാർഡും പാൻ കാർഡും മാത്രം രേഖയായി നൽകിയാൽ അയ്യായിരം രൂപ മുതൽ അമ്പതിനായിരം വരെ വായ്പ ലഭിക്കും
നിയമകുരുക്കില്ലാതെ എളുപ്പത്തിൽ പണം ലഭിക്കാൻ വേണ്ടിയാണ് മലയാളികളടക്കം ഓൺ ലൈൻ ആപ്പുകളെ തേടി പോകുന്നത്. ആധാർ കാർഡും പാൻ കാർഡും മാത്രം രേഖയായി നൽകിയാൽ അയ്യായിരം രൂപ മുതൽ അമ്പതിനായിരം വരെ വായ്പ ലഭിക്കും. ഓരോ ആപ്പുകളും ലോൺ നൽകുന്നതിനും തിരിച്ചടവിനും വ്യത്യസ്ഥ മാർഗങ്ങളാണ് സ്വീകരിക്കുന്നത്.
അനധികൃതമായി വായ്പ നൽകുനതിന് നിയമവിരുദ്ധമായി നാലായരത്തിലധികം ഓൺലൈൻ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസേന നാൽപ്പതിലധികം കേസുകൾ വായ്പ തട്ടിപ്പ് സംബന്ധിച്ച് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളായും ഫോണുകളിൽ മെസേജുകളായുമാണ് ഓൺ ലൈൻ തട്ടിപ്പ് സംഘം ആവശ്യക്കാരെ തേടിയെത്തുന്നത്. ചില അത്യാവശ്യക്കാർ ആപ്പുകൾ ഡൗൺലോഡ് ചെയ്തും വായ്പയെടുക്കാറുണ്ട്. വായ്പയെടുത്ത് പണം കീശയിലാകുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് ആരും ചിന്തിക്കില്ല.
ഓരോ ഓൺലൈൻ ആപ്പുകളിലും വായ്പക്ക് അപേക്ഷിക്കേണ്ട രീതി വ്യത്യസ്ഥമാണ്. ആധാർ, പാൻ കാർഡ് എന്നിവക്കൊപ്പം വ്യക്തികളുടെ ചില വിവരങ്ങൾ കൂടി നൽകിയാൽ വായ്പ റെഡി. രജിസ്റ്റർ ചെയ്യുന്ന ഫോണുകളിലെ കോൺടാക്ടുകളുടെ എണ്ണം കൂടുന്നതും അധികം തുക ലഭിക്കാൻ കാരണമാണ്. ആപ്പുകളിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പ്രാഫൈലുകൾക്ക് അനുസരിച്ചായിരിക്കും തുക നൽകുക.
സിങ്കിൾ, ഡ്യുവൽ എന്നിങ്ങനെയാണ് ആപ്പുകളുടെ പ്രവർത്തനം. സിങ്കിൾ ആപ്പുകളിൽ നിന്ന് അയ്യായിരത്തിൽ താഴെ മാത്രമെ വായ്പയായി നൽകു. ഡ്യുവൽ ആപ്പുകൾ ആമ്പതിനായിരം വരെ നൽകും. ഒരാഴ്ചക്കുള്ളിൽ തുക തിരിച്ചടക്കണം. അവസാന ദിവസത്തിന് തൊട്ട് മുമ്പ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം എത്തി തുടങ്ങും. കൃത്യമായി തിരികെ നൽകിയില്ലെങ്കിൽ പിന്നെ പല തരത്തിലുള്ള ഭീഷണികളായിരിക്കും ഉണ്ടാവുക. പല രൂപത്തിലും ഭാവത്തിലും നമുക്ക് ചുറ്റുമുള്ള ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സ്ത്രീകൾ,തൊഴിൽ രഹിതർ എന്നിവരെയാണ് ലക്ഷ്യം വയ്ക്കുന്നത്. വളരെ ചെറിയ തുകക്ക് വേണ്ടിയാണ് ഇവർ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പിടിയിലാകുന്നത്.
Adjust Story Font
16