മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടിയെടുത്തു; തൃക്കൊടിത്താനം സഹകരണ ബാങ്കില്‍ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്
തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിന്‍റെ കൊടിനാട്ടുകുന്ന് ശാഖയിലാണ് തട്ടിപ്പ് നടന്ന
മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തു. കോട്ടയം തൃക്കൊടിത്താനം സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത് . തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഭരണ സമിതി നടപടി സ്വീകരിച്ചുവെങ്കിലും കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് ഇടത് ഭരണ സമിതി നടത്തുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിന്‍റെ കൊടിനാട്ടുകുന്ന് ശാഖയിലാണ് തട്ടിപ്പ് നടന്നത്. 52 പേരുടെ അക്കൗണ്ടിൽ നിന്നായി 11 ലക്ഷത്തോളം രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തു. നിക്ഷേപകർ അറിയാതെ അവരുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയായിരുന്നു. മരണപ്പെട്ടവരുടെ അക്കൗണ്ടിൽ നിന്ന് പോലും ഇത്തരത്തിൽ പണം പിൻവലിച്ചിട്ടുണ്ട്. ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.
ആഭ്യന്തര അന്വേഷണത്തെ തുടർന്ന് മാനേജർക്കെതിരെയും കാഷ്യർക്കെതിരെയും നടപടി എടുത്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി എടുക്കുന്നത് ഭരണസമിയുടെ പങ്ക് മറച്ച് വെക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും തുടർ നടപടികൾ സ്വീകരിക്കാൻ ജോയിന്‍റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ആണ് ബാങ്ക് പ്രസിഡന്‍റ് പറയുന്നത്. വർഷങ്ങൾ പഴക്കമുള്ള തൃക്കൊടിത്താനം ബാങ്കിന് നിലവിൽ 148 കോടിയോളം രൂപയുടെ ആസ്തിയുണ്ട്. അതുകൊണ്ടുതന്നെ ജോയിന്‍റ് രജിസ്ട്രാര്‍ വിശദമായ അന്വേഷണമാണ് നടത്തുന്നത്.
Adjust Story Font
16