'ബിഷപ്പുമാരെ അപമാനിച്ചു'; മന്ത്രി സജി ചെറിയാൻ മാപ്പ് പറയണമെന്ന് മോൻസ് ജോസഫ്
മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയതെന്നും മോൻസ് ജോസഫ് പറഞ്ഞു.
കോട്ടയം: ബിഷപ്പുമാരെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാൻ മാപ്പ് പറയണമെന്ന് മോൻസ് ജോസഫ് എം.എൽ.എ. സജി ചെറിയാന്റെ പദപ്രയോഗം മന്ത്രിസ്ഥാനത്തിന് ചേർന്നതല്ല. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയതെന്നും മോൻസ് ജോസഫ് പറഞ്ഞു.
മതമേലധ്യക്ഷൻമാർ മതേതരത്വത്തിന്റെ പ്രതീകമാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സംസ്‌കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ല. കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാടെടുക്കും. നവകേരള സദസ്സിൽ പിതാക്കൻമാർ പങ്കെടുത്തപ്പോൾ പ്രതിപക്ഷം പ്രതികരിച്ചില്ല. സമനില തെറ്റിയതുപോലുള്ള പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയത്. മുഖ്യമന്ത്രി അപമാനിച്ചിട്ടുപോലും ജോസ് കെ മാണി വിഭാഗം ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ജോസ് വിഭാഗം പ്രതികരിക്കാൻ ബാധ്യസ്ഥരാണെന്നും മോൻസ് ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെതിരെ സജി ചെറിയാൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ബി.ജെ.പി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.
അതിനിടെ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ദീപിക പത്രം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. സജി ചെറിയാന്റെ വിടുവായിത്തം തിരുത്താൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. സഭാ മേലധ്യക്ഷൻമാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചുപറയുകയാണ്. ഇതിന് ഒത്താശചെയ്യുന്ന മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു.
Adjust Story Font
16