Quantcast

മോൻസന്‍റെ ആഡംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ല; വ്യാജപുരാവസ്തുക്കള്‍ ഖത്തറിലും വില്‍പന നടത്തിയെന്ന് മൊഴി

വാഹനങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും

MediaOne Logo

Web Desk

  • Updated:

    2021-10-01 05:30:41.0

Published:

1 Oct 2021 4:29 AM GMT

മോൻസന്‍റെ ആഡംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ല; വ്യാജപുരാവസ്തുക്കള്‍ ഖത്തറിലും വില്‍പന നടത്തിയെന്ന് മൊഴി
X

പുരാവസ്തു തട്ടിപ്പുകേസിൽ വിദേശ രാജ്യങ്ങളിലെ വിൽപ്പനയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വ്യാജ പുരാവസ്തുക്കൾ ഖത്തറിൽ വിൽപന നടത്തിയെന്ന് മോൻസൺ മാവുങ്കൽ മൊഴി നൽകിയിട്ടുണ്ട്. മോന്‍സന്‍റെ കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. വാഹനങ്ങളില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. കസ്റ്റഡിയിൽ ഉള്ള മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതിവിദഗ്ധമായാണ് മോൺസൺ തട്ടിപ്പു നടത്തിയത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ബാങ്ക് വഴി പണം സ്വീകരിക്കാതെ നേരിട്ട് പണം കൈപ്പറ്റിയതുകൊണ്ടുതന്നെ പണം നിക്ഷേപിച്ചത് എവിടെയെന്നു കണ്ടെത്തുക ശ്രമകരമാണ്. തൃശൂരിലുള്ള ഇയാളുടെ സുഹൃത്ത് ജോർജിന്‍റെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനത്തിൽ തുക നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനോട് ഇപ്പോഴും മോൻസൺ സഹകരിക്കുന്നില്ല. സംസ്കാര ടിവിയുടെ ചെയർമാൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൊച്ചിയിലെത്തി മോൻസന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

സുരേഷ് എന്ന ശില്‍പിയെ കബളിപ്പിച്ച കേസിൽ ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസിലും നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും. ഇയാളെ ചേർത്തലയിലെ വീട്ടിലെത്തിച്ചു ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. മോൻസന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കുടുംബത്തിന് അറിവില്ലായിരുന്നു എന്നാണ് കണ്ടെത്തൽ. പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിലും ഇയാൾ അഭിനയിച്ചതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബോളിവുഡ് താരത്തിന്‍റെ പേരിൽ ഉൾപ്പെടെ രജിസ്റ്റർ ചെയ്ത കാറുകൾ മോൻസന്‍റെ വീട്ടിലുണ്ടായിരുന്നു. ഉപയോഗശൂന്യമായ ഈ കാറുകൾ മുംബൈയിലെത്തി നിസാര വിലയ്ക്ക് ഇയാൾ സ്വന്തം ആക്കിയതാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം മോൺസണെതിരെ കൂടുതൽ സാക്ഷികൾ ഇന്ന് മൊഴി നൽകാൻ എത്തും.



TAGS :

Next Story