കാലവർഷം കേരളത്തിൽ; 14 ജില്ലകളിലും യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയോടെയാണ് കേരളത്തിൽ കാലവർഷമെത്തിയതായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. കാലവർഷമെത്തിയതോടെ കേരളത്തിലെ മഴ മുന്നറിയിപ്പിലും മാറ്റമുണ്ടാവുകയായിരുന്നു. നേരത്തേ 11 ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്. എന്നാൽ വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പെയ്യുന്ന മഴയുടെ അളവ്, പടിഞ്ഞാറൻ കാറ്റിന്റെ ശക്തി, ഭൂമിയിൽ നിന്നുയരുന്ന ചൂടിന്റെ കണക്ക് എന്നിവ നോക്കിയാണ് കാലവർഷം കണക്കാക്കുന്നത്. കാലവർഷത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള മഴയുടെ അളവ് കഴിഞ്ഞ ദിവസങ്ങളിലൊക്കെയും കേരളത്തിൽ രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് ചൂടിനും ശമനമുണ്ട്.
പടിഞ്ഞാറൻ കാറ്റിന്റെ ശക്തിക്കുറവായിരുന്നു കാലവർഷം സ്ഥിരീകരിക്കുന്നതിന് തടസ്സമായി നിന്നിരുന്നത്. ഇന്നലെ ഇതും ശക്തി പ്രാപിച്ചു. ഇത് കണക്കിലെടുത്താണിപ്പോൾ കേരളത്തിൽ കാലവർഷമെത്തിയതായി കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Adjust Story Font
16