ചിന്നക്കനാലിൽ സംരക്ഷിത വനത്തിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
വന വിസ്തൃതി വർധിപ്പിക്കാനുള്ള ആസൂത്രിത ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം
ഇടുക്കി: ചിന്നക്കനാലിൽ പുതിയ സംരക്ഷിത വനത്തിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 364.89 ഹെക്‌ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ചുള്ള കരട് വിജ്ഞാപനം നിലനിൽക്കെയാണ് ഒന്നര ഹെക്‌ടർ ഭൂമി കൂടി വനമാക്കാനുള്ള വനം വകുപ്പിന്റെ നീക്കം. വന വിസ്തൃതി വർധിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് നാട്ടുകാരുടെ ആരോപണം.
2023 സെപ്റ്റംബർ 20ന് ചിന്നക്കനാൽ വില്ലേജിലെ 7, 8 ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 364.89 ഹെക്‌ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് കരട് വിജ്‌ഞാപനം ഇറങ്ങിയിരുന്നു. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ നവകേരള സദസ്സ് ജില്ലയിലെത്തുന്നതിന് തൊട്ടു മുമ്പ് സർക്കാർ വിജ്‌ഞാപനം മരവിപ്പിച്ചു. എന്നാൽ വിജ്ഞാപനം റദ്ദ് ചെയ്തിട്ടില്ലെന്നും തുടർ നടപടികൾ തൽക്കാലത്തേക്ക് റദ്ദ് ചെയ്തതാണെന്നുമാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇത് നിലനിൽക്കെ വീണ്ടും ഒന്നര ഹെക്‌ടർ ഭൂമി കൂടി സംരക്ഷിത വനമാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ദേശീപാത നിർമ്മണത്തിനായി വനംവകുപ്പ് വിട്ടുനൽകിയതിന് പകരം ലഭിക്കുന്ന ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കണമെന്നത് കേന്ദ്ര നിയമാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. കുടിയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാരോപിച്ച് ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് ചിന്നക്കനാൽ നിവാസികൾ.
Adjust Story Font
16