ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഷുഹൈബിന് മുൻകൂർ ജാമ്യമില്ല
കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊലൂഷ്യൻസ് ഉടമ ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. കോഴിക്കോട് ജില്ലാ കോടതി ജാമ്യഹരജി തള്ളി. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷുഹൈബ്.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസെടുത്തത്. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുനൽകുക മാത്രമാണ് ചെയ്തത് എന്നുമാണ് ഇയാളുടെ വാദം.
അതേസമയം, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തി നൽകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഷുഹൈബ് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ട് പറയുന്നു. ചോദ്യപേപ്പർ ചോർച്ചാ കേസിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസിന്റെ നിരീക്ഷണം.
എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനൽ വഴി പ്രദർശിപ്പിച്ച വിവരങ്ങൾ ചോദ്യപേപ്പർ ചോർന്നതിനു തെളിവാണെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് ചോദ്യപേപ്പർ വിഡിയോയിൽ പലതും യഥാർഥ ചോദ്യങ്ങൾ അതുപോലെ വന്നതാണ്. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പല വിവരങ്ങളും കൃത്യമായി വിഡിയോയിൽ പറയുന്നുണ്ട്. ചോദ്യപേപ്പർ ചോർത്തി കിട്ടിയാലല്ലാതെ ഇത്രയും കൃത്യത വരില്ലെന്നും പൊലീസ് പറയുന്നു.
Summary: Kozhikode District Court rejects anticipatory bail plea of MS Solutions owner Shuhaib in question paper leak case
Adjust Story Font
16