Quantcast

‘ഖലീഫമാരെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇസ്ലാമോഫോബിയയിൽ മത്സരിക്കുന്നത് യോഗിയോട്’; എംഎസ്എഫ് നേതാവ് അഡ്വ. തൊഹാനി

‘സംഘികള്‍ മാത്രമല്ല സയണിസ്റ്റുകളും പിണറായി വിജയന് പിന്നിലുണ്ടോയെന്ന സംശയം ബലപ്പെടുന്നു’

MediaOne Logo

Web Desk

  • Published:

    27 Oct 2024 6:33 AM GMT

Adv Thohani K against pinarayi vijayan
X

കോഴിക്കോട്: ഖലീഫമാർക്ക് എന്താണ് കുഴപ്പമെന്ന് പിണറായി വിജയൻ മറുപടി പറയണമെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി. ലോക മുസ്ലിംകള്‍ ബഹുമാനത്തോടെ കാണുന്ന ഖലീഫമാരെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇസ്ലാമോഫോബിയയുടെ കാര്യത്തില്‍ യോഗി ആദിത്യനാഥിനോടാണ് മത്സരിക്കുന്നത്. കെ. സുരേന്ദ്രന്‍ പോലും നടത്താത്ത ഇസ്ലാം ഹിംസ നടത്തിയ പിണറായി വിജയന്‍ മോഹന്‍ ഭാഗവതിനെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇടനിലക്കാരില്ലാതെ തൃപ്തിപ്പെടുത്തുകയാണ്. സംഘികള്‍ മാത്രമല്ല, സയണിസ്റ്റുകളും പിണറായി വിജയന് പിന്നിലുണ്ടോയെന്ന സംശയം ബലപ്പെടുകയാണെന്നുമ അഡ്വ. തൊഹാനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പി. ജയരാജൻ രചിച്ച ‘കേരളം: മുസ്‍ലിം രഷ്ട്രീയം രാഷ്ട്രീയ ഇസ്‍ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ വിവാദ പ്രസ്താവന. ‘ദേശീയതയെ ജമാഅത്തെ ഇസ്‍ലാമി അംഗീകരിക്കുന്നില്ല. അവർക്കു വേണ്ടത് ഇസ്ലാമിക സാർവദേശീയതയാണ്. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്‌ലാമിക്ക് മതസാമ്രാജ്യത്വ സ്വഭാവമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മുസ്ലിം ലീഗ് ഒരു പരിഷ്‌കരണ സംഘടനയാണ്. എന്നാൽ, ജമാഅത്തെ ഇസ്‌ലാമി പഴയതിൻ്റെ പുനരുജ്ജീവനത്തിനാണ് ശ്രമിക്കുന്നത്. ഖലീഫമാരുടെ കാലത്തേക്ക് സമുദായത്തെ തിരിച്ചുകൊണ്ടുപോകാനാണ് അവരുടെ ശ്രമം’ -എന്നായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.

അഡ്വ തൊഹാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഖലീഫമാർക്ക് എന്താണ് കുഴപ്പമെന്ന് പിണറായി പറയണം

ലോക മുസ്ലിംകള്‍ ബഹുമാനത്തോടെ കാണുന്ന ഖലീഫമാരെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസ്ലാമോഫോബിയയുടെ കാര്യത്തില്‍ യോഗി ആദിത്യനാഥിനോടാണ് മത്സരിക്കുന്നത്. ഖുലഫാഉ റാഷിദുകള്‍ക്ക് ( ഖലീഫ) എന്താണ് കുഴപ്പമെന്ന് കൂടി പിണറായി പറയണം.

ജിഫ്രി തങ്ങളുടെയും കാന്തപുരത്തിന്റെയും ടി.പി അബ്ദുല്ലക്കോയ മദനിയുടെയും കടക്കല്‍ മൌലവിയുടേയും അവരുടെ അനുയായികളുടെയും വിശ്വാസങ്ങളെയാണ് പിണറായി വിജയന്‍ അപഹസിച്ചത്. കെ.സുരേന്ദ്രന്‍ പോലും നടത്താത്ത ഇസ്ലാം ഹിംസ നടത്തിയ പിണറായി വിജയന്‍ മോഹന്‍ ഭാഗവതിനെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇടനിലക്കാരില്ലാതെ തൃപ്തിപ്പെടുത്തുകയാണ്. സംഘികള്‍ മാത്രമല്ല സയണിസ്റ്റുകളും പിണറായി വിജയന് പിന്നിലുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്.

കേരളത്തിലെ സുന്നികളും മുജാഹിദുകളും ജമാഅത്തുകാരുമെല്ലാം പവിത്രതയോടെ മനസില്‍ സൂക്ഷിക്കുന്ന ഖലീഫ ഉമർ അടക്കമുള്ള ഇസ്ലാമിക ചരിത്ര പുരുഷന്‍മാരെ അപഹസിക്കാനും അപമാനിക്കാനും പിണറായി വിജയന്‍ തയ്യാറായത് നാല് വോട്ടിന് വേണ്ടിയാണ്. അത് തിരിച്ചറിയാന്‍ എല്ലാ മതനിരപേക്ഷ വാദികളും തയ്യാറാകും. പിണറായിയുടെ സിംഹാസനം കടപുഴകുക തന്നെ ചെയ്യും. ഇസ്ലാമോഫോബിയയുടെ കേരളത്തിലെ നടത്തിപ്പുകാരന്റെ രാഷ്ട്രീയ ശവമഞ്ചം നവംബറില്‍ തന്നെ സഖാക്കള്‍ക്ക് ചുമക്കേണ്ടി വരും.

- അഡ്വ തൊഹാനി

TAGS :

Next Story