Quantcast

'മന്ത്രി തന്നെ തുറന്നുപറഞ്ഞെങ്കില്‍ മലപ്പുറത്തെ പൊലീസ് നയം എത്ര ഗുരുതരമാകും'; അന്വേഷണം വേണമെന്ന് എം.എസ്.എഫ്

മലപ്പുറം ജില്ലയില്‍ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ വിമര്‍ശിച്ചത്

MediaOne Logo

Web Desk

  • Published:

    19 July 2024 2:27 PM GMT

MSF asks investigation against exaggeration of police cases in Malappuram, after minister V Abdurahimans criticism
X

പി.കെ നവാസ്, വി. അബ്ദുറഹ്മാന്‍

മലപ്പുറം: ജില്ലയില്‍ കേസുകള്‍ പെരുപ്പിച്ചു കാണിക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ ആരോപണത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഒരു വര്‍ഷം മുന്‍പ് ഇതേ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആഭ്യന്തര മന്ത്രി പൊലീസിനു പിന്തുണ പ്രഖ്യാപിക്കുകയാണു ചെയ്തതെന്ന് നവാസ് പറഞ്ഞു. ഇപ്പോള്‍ മന്ത്രി തന്നെ ഇക്കാര്യത്തില്‍ തുറന്നുപറയണമെങ്കില്‍ വിഷയത്തിന്റെ ഗൗരവവും അപകടകരമായ സ്ഥിതിയുമാണ് അതു വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്നാണ് മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞത്. ഒരു വര്‍ഷം മുന്‍പ് കണക്കുകള്‍ വച്ച് ഞങ്ങള്‍ പറഞ്ഞതും ഇതുതന്നെയായിരുന്നു. അന്ന് ആഭ്യന്തര മന്ത്രി പൊലീസിന് പിന്തുണ പ്രഖ്യാപിച്ചു. കാലം വൈകിയെങ്കിലും ഭരണപക്ഷ മന്ത്രി തന്നെ തുറന്നുപറയണമെങ്കില്‍ എത്രമേല്‍ ഗൗരവവതരവും അപകടകരവുമാകും ഈ പൊലീസ് നയമെന്ന് പി.കെ നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

മലപ്പുറത്ത് കേസുകള്‍ പെരുപ്പിച്ചു കാണിക്കുന്നുവെന്ന ആരോപണം മന്ത്രി തന്നെ തുറന്നുസമ്മതിക്കുന്ന സാഹചര്യത്തില്‍ ഈ കാര്യത്തില്‍ സുതാര്യമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. ഒരു ജനതയുടെ മുതുകില്‍ ബ്ലാക്ക് ലിസ്റ്റിന്റെ ചാപ്പ കുത്താനുള്ള ഈ ആസൂത്രിത ശ്രമത്തിന്റെ പിറകില്‍, തോളില്‍ എത്ര നക്ഷത്രമുള്ള അധികാരിയാണെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും നവാസ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വിമര്‍ശിച്ചത്. കേസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ക്രെഡിറ്റ് ഉണ്ടാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ദേശീയതലത്തില്‍ മലപ്പുറത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കും. കേസുകള്‍ എടുക്കാനായി സാധാരണ പൊലീസ് ഉദ്യോഗസ്ഥരെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മന്ത്രി ആരോപിച്ചിരുന്നു.

പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനത്തിലായിരുന്നു മന്ത്രി തുറന്നടിച്ചത്. മലപ്പുറത്ത് സര്‍ക്കാര്‍ നയത്തിന് വിപരീതമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. പൊലീസ് ജനങ്ങളോട് സൗമ്യമായും മാന്യമായും പെരുമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മന്ത്രി വേദിവിട്ട ശേഷം പ്രസംഗിച്ച ജില്ലാ പൊലീസ് മേധാവി ശശിധരന്‍ മന്ത്രിക്ക് മറുപടി നല്‍കി. അനാവശ്യമായി കേസുകള്‍ എടുക്കാറില്ലെന്നായിരുന്നു പൊലീസ് മേധാവിയുടെ വാദം. കേസുകള്‍ എടുക്കുന്നത് പൊലീസിനു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

Summary: MSF asks investigation against exaggeration of police cases in Malappuram, after minister V Abdurahiman's criticism

TAGS :

Next Story