എൻ.ഐ.ടി പ്രൊഫസറുടെ ഗാന്ധിനിന്ദ: കാംപസുകളെ കാവിവൽക്കരിക്കാനുള്ള ശ്രമം ആശങ്കാജനകം: എം.എസ്.എം
സമൂഹത്തിൽ സ്പർധയും ധ്രുവീകരണവും വളർത്തുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എസ്.എം ആവശ്യപ്പെട്ടു
എം.എസ്.എം സംസ്ഥാന കൗൺസിൽ കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയെ മഹത്വവൽകരിക്കുന്നവർ ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകുന്നത് ആശങ്കാജനകമാണന്ന് എം.എസ്.എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മിച്ച രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്ന ദിവസം കോഴിക്കോട് എന്‍.ഐ.ടി കാംപസിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ചതിൽ ദലിത് വിദ്യാർത്ഥിയെ സസ്പെൻൻഡ് ചെയ്തിരുന്നു. എൻ.ഐ.ടി അധികൃതരുടെ ഈ നടപടിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവിവൽക്കരണം അടയാളപ്പെടുത്തുന്നതാണ്. ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ സ്പർധയും ധ്രുവീകരണവും വളർത്തുമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എസ്.എം ആവശ്യപ്പെട്ടു.
അടുത്ത ആറുമാസത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകാൻ തിരൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്‍റ് അമീൻ അസ്ലഹ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ, ട്രഷറർ നവാസ് ഒറ്റപ്പാലം, ഉപാധ്യക്ഷന്മാരായ സഅദ്ദീൻ സ്വലാഹി, ഷെഫീഖ് ഹസ്സൻ അൻസാരി, മഹസ്സും സ്വലാഹി, ജംഷീദ് ഇരുവേറ്റി, അബ്ദുസ്സലാം ഷാക്കിർ, സെക്രട്ടറിമാരായ ഷിബിലി മുഹമ്മദ്, ഇത്തിഹാദ് ബിൻ സൈദ്, അസീം തെന്നല, യഹിയ കാളികാവ്, ആദിൽ അത്താണിക്കൽ, സഹദ് സ്വലാഹി, നിഷാൻ കണ്ണൂർ എന്നിവർ സംസാരിച്ചു.
നിർധനരായ വിദ്യാർത്ഥികൾക്കുവേണ്ടി എം.എസ്.എം ഒരുക്കുന്ന ഈദ് പുടവ ഇത്തവണ വിപുലമായി നടത്താൻ തീരുമാനിച്ചു. മാർച്ച് 31ന് ഖുർആൻ വിജ്ഞാനപരീക്ഷ നടക്കും. കേരളത്തിലെ മുഴുവൻ ശാഖകളിലും ഹിറാ വിചാരവീട്, മദ്രസാപഠനം കഴിഞ്ഞവർക്ക് സി.ആര്‍.ഇ എന്നിവയും നടത്തും. അവധിക്കാല മോറൽ സ്കൂൾ, അടുത്ത വർഷത്തേക്കുള്ള പ്രവർത്തന കലണ്ടർ എന്നിവയും ചർച്ച ചെയ്തു.
Summary: NIT-Calicut professor’s Godse remarks: Attempt to saffronize campuses worrisome: MSM
Adjust Story Font
16