എം.ടി: അക്ഷരങ്ങളുടെ കുലപതി വിടപറഞ്ഞു
വിടവാങ്ങിയത് മലയാളത്തിന്റെ സുകൃതവും അഭിമാനവും
കോഴിക്കോട്: മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മ അമ്മാളു അമ്മയുടെയും നാല് ആണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായി ജോലി നോക്കി.
സ്കൂൾ പഠനകാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു. വിക്ടോറിയ കോളജിലെ പഠന കാലത്താണ് രക്തം പുരണ്ട മൺതരികൾ എന്ന ആദ്യ ചെറുകഥ പ്രസിദ്ധീകരിക്കുന്നത്. 1958 ൽ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തിൽ പുറത്തുവന്നത്. 1959 ൽ നോവലിന് കേരള സാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചു. തുടർന്ന് കാലാതിവര്‍ത്തിയായ പല നോവലുകളും ആ തൂലികയിൽ നിന്ന് പുറത്തുവന്നു, ‘കാലം’, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം' തുടങ്ങിയ നോവലുകള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.
സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തേക്കും പ്രവേശിച്ചു. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ പലവേഷങ്ങളിൽ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എം.ടിയുമുണ്ടായിരുന്നു. ‘നിര്‍മ്മാല്യം,വാരിക്കുഴി, കടവ്, ദേവലോകം, ബന്ധനം, മഞ്ഞ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യമേഖലയിൽ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാല ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ( നാലുകെട്ട് ), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും എം.ജി സര്‍വ്വകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ആദ്യസംവിധാനം ചെയ്ത 'നിര്‍മ്മാല്യം' 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.
Adjust Story Font
16