Quantcast

എം.ടി: യാത്രയാകുന്നത് നാല് തലമുറകൾ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനി

അക്ഷരങ്ങളുടെ മാന്ത്രികതയിലൂടെ മലയാളിയുടെ മനംകവർന്നാണ് എം.ടി ഓർമയാകുന്നത്. പത്മഭൂഷൺ, ജ്ഞാനപീഠം ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അതിലേറെ സ്‌നേഹവും നാട് അദ്ദേഹത്തിന് നൽകി.

MediaOne Logo

Web Desk

  • Updated:

    2024-12-26 10:04:48.0

Published:

26 Dec 2024 4:46 AM GMT

MT Vasudevan Nair passed away
X

മലയാളം പോലെ മലയാളിക്ക് പ്രിയപ്പെട്ടതാണ് എം.ടി എന്ന രണ്ടക്ഷരം. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ. നാലു തലമുറകൾ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ ഇങ്ങനെ പടർന്നു പന്തലിച്ചു ആ സാഹിത്യ ജീവിതം.

1933 ജൂലൈ 15ന് നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായി ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട് ജില്ലയിലെ കൂടല്ലൂരുമായി ചെറുപ്പക്കാലം. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളജിൽ രസതന്ത്രം ഐച്ഛിക വിഷയമായി ഉപരിപഠനം. ശേഷം പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും, ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും കണക്ക് മാഷായി. പാലക്കാട് ട്യൂട്ടോറിയൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകനായെങ്കിലും ദിവസങ്ങൾക്കകം രാജിവച്ച് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസകാലത്തു തന്നെ എഴുതിത്തുടങ്ങി. കോളജ് കാലത്ത് ജയകേരളം മാസികയിൽ കഥകൾ അച്ചടിമഷി പുരണ്ടു. വിക്‌ടോറിയ കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായുള്ള കേരളത്തിലെ കഥാമത്സരത്തിൽ 'വളർത്തുമൃഗങ്ങൾ' എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ എം.ടിയെന്ന പേര് പതിഞ്ഞത്.

'പാതിരാവും പകൽവെളിച്ചവും' എന്ന ആദ്യനോവൽ ഈ സമയത്താണ് പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവലാണ് 'നാലുകെട്ട്'. ആദ്യ നോവലിന് തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം. ചലച്ചിത്രലോകത്തേക്കുള്ള പ്രവേശനം സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയായെഴുതിയായിരുന്നു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമിച്ച 'നിർമാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ സിനിമാ മേഖലയിൽ ദേശീയപുരസ്‌കാരം ലഭിച്ചു. നിരവധി തവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

നാലുകെട്ട്, മഞ്ഞ്, കാലം, രണ്ടാമൂഴം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും ഇങ്ങനെ പോകുന്നു എം.ടിയെഴുതിയ നോവലുകൾ. ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, നിന്റെ ഓർമക്ക്, വാരിക്കുഴി, പതനം, ബന്ധനം, ഓപ്പോൾ തുടങ്ങി ചെറുകഥകളുടെ പാലാഴി തന്നെയുണ്ട് എം.ടിയുടേതായി. ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്‌വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീർഥാടനം, ഒരു ചെറുപുഞ്ചിരി എന്നിവ എം.ടി എഴുതിയ തിരക്കഥകളിൽ ചിലതുമാത്രം...

മലയാള സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾക്ക് 1996-ൽ കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരം. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ രാജ്യം ആദരിച്ചു. എം.ടിയുടെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. കാലത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിരുന്നു എം.ടിക്ക് സാഹിത്യം.

വലിയ അംഗീകാരങ്ങളെല്ലാം കൈവെള്ളയിൽ. അപ്പോഴും ഞാൻ മാത്രമല്ല ലോകമെന്നും തന്റേത് മാത്രമല്ല കഥകളെന്നും തിരിച്ചറിഞ്ഞ് സാഹിത്യത്തിന്റെ പല തലമുറകളെ വാർത്തെടുത്താണ് എം.ടി അരങ്ങൊഴിയുന്നത്...

TAGS :

Next Story