'നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായാണ് വി. മുരളീധരൻ കേന്ദ്രമന്ത്രിയായത്'; രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
വി. മുരളീധരന്റെ തറവാട്ടിൽനിന്നുള്ള പണമല്ല, കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണമാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും റിയാസ് പറഞ്ഞു.
പത്തനംതിട്ട: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുരളീധരന്റെ തറവാട്ടിൽനിന്നുള്ള പണമല്ല സംസ്ഥാനം ആവശ്യപ്പെടുന്നത്. കേരളത്തിന് അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ നികുതിപ്പണമാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും റിയാസ് പറഞ്ഞു.
നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായിട്ടാണ് മുരളീധരൻ കേന്ദ്രമന്ത്രിയായതെന്ന് റിയാസ് പരിഹസിച്ചു. അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്ന വി. മുരളീധരന്റെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുരളീധരൻ സംസ്ഥാന വികസന മുടക്ക് മന്ത്രിയാണെന്നും റിയാസ് ആവർത്തിച്ചു. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാതെ വ്യക്തിപരമായി ആക്രമിക്കുകയാണ്. കേരളം നശിച്ചുകാണാൻ പ്രത്യേക മനസുള്ള ആളാണ് മുരളീധരൻ. മരുമകൻ ആയതുകൊണ്ടാണോ പദവിയിൽ എത്തിയതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും റിയാസ് പറഞ്ഞു.
കായംകുളത്ത് നവകേരള സദസ്സിൽ സംസാരിക്കുമ്പോഴാണ് റിയാസ് മുരളീധരനെതിരെ നേരത്തെ വിമർശനമുന്നയിച്ചിരുന്നത്. ഇതിനുള്ള മറുപടിയിലാണ് മുരളീധരൻ റിയാസിനെ അമ്മായിയച്ഛന്റെ ബലത്തിൽ മന്ത്രിയായ ആളെന്ന് പരിഹസിച്ചത്. മുഹമ്മദ് റിയാസും അമ്മായിയച്ഛനും നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Adjust Story Font
16