ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചു
138.50 അടിയാണ് നിലവിലെ ജലനിരപ്പ്. ആനയിറങ്കൽ ഡാം പരമാവധി സംഭരണ ശേഷി പിന്നിട്ടതോടെ നിറഞ്ഞൊഴുകാൻ തുടങ്ങി
മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഡാമിന്‍റെ തുറന്ന എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചു. 138.50 അടിയാണ് നിലവിലെ ജലനിരപ്പ്. ആനയിറങ്കൽ ഡാം പരമാവധി സംഭരണ ശേഷി പിന്നിട്ടതോടെ നിറഞ്ഞൊഴുകാൻ തുടങ്ങി.
ഇന്ന് 11 മണിയോടെയാണ് മുല്ലപ്പെരിയാറിലെ അവസാന ഷട്ടറും അടച്ചത്. ഘട്ടം ഘട്ടമായാണ് തുറന്നു വെച്ചിരുന്ന എട്ട് ഷട്ടറുകളും തമിഴ്നാട് അടച്ചത്. ഇന്നലെ വൈകിട്ട് രണ്ടെണ്ണം അടച്ചു.പിന്നെയുള്ള ആറെണ്ണത്തിൽ മൂന്നെണ്ണം ഇന്ന് പുലർച്ചെ അഞ്ച് മണിക്കും താഴ്ത്തി. ഏഴ് മണിക്കുള്ളിൽ വീണ്ടും രണ്ടെണ്ണം അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതാണ് ഷട്ടറുകൾ അടക്കാൻ കാരണം. ഇക്കുറി രണ്ടാം തവണയാണ് തുറന്ന ഷട്ടറുകൾ എല്ലാം അടയ്ക്കുന്നത്. നേരത്തെ ഇതു പോലെ അടച്ചതിന് പിന്നാലെ മഴ ശക്തമായതിനെ തുടർന്ന് വീണ്ടും ഡാം തുറക്കേണ്ടി വരികയായിരുന്നു.
അതിനിടെ ആനയിറങ്കൽ ഡാമിൽ പരമാവധി സംഭരണ ശേഷി കവിഞ്ഞതിനെ തുടർന്ന് സ്പിൽവേകളിലൂടെ ജലം ഒഴുകാൻ തുടങ്ങി. എട്ട് ഘനയടി വെള്ളമാണ് ഒഴുകുന്നത്. 1207 മീറ്ററാണ് ആനയിറങ്കലിലെ പരമാവധി സംഭരണ ശേഷി. ഇതും പിന്നിട്ട് 25 സെന്‍റിമീറ്റർ കൂടി ജലനിരപ്പ് ഉയർന്നതോടെ ഡാമിന്‍റെ സ്പിൽവേയിലൂടെ വെള്ളം ഒഴുകുകയായിരുന്നു. ഈ ഡാമിന് ഷട്ടറുകളില്ല എന്നതാണ് പ്രത്യേകത. ആനയിറങ്കലിൽ നിന്നുള്ള വെള്ളം പൊന്മുടി അണക്കെട്ടിലേക്കാണ് എത്തുക. പൊന്മുടിയും തുറന്ന നിലയിലാണ്.
Adjust Story Font
16