Quantcast

'വീടുകളെല്ലാം ഒലിച്ചുപോയി, കാണുന്നത് പാറക്കല്ലുകളും ചെളിക്കൂമ്പാരങ്ങളും മാത്രം; കൈക്കുഞ്ഞുങ്ങളടക്കം വിശന്ന് കരയുന്നു'

ട്രീവാലി റിസോര്‍ട്ടിന് ചുറ്റും വെള്ളം കുത്തിയൊലിക്കുകയാണെന്നും രക്ഷപ്പെടാന്‍ ഒരുമാര്‍ഗവുമില്ലെന്നും നാട്ടുകാരനായ ഫൈസല്‍

MediaOne Logo

Web Desk

  • Updated:

    2024-07-30 06:50:33.0

Published:

30 July 2024 6:07 AM GMT

wayanadlandslide ,mundakkai ,rain ,kerala,latest malayalam news,breaking news malayalam,mundakkailandslide,വയനാട് ഉരുള്‍പൊട്ടല്‍,മുണ്ടക്കൈ ദുരന്തം,ഉരുള്‍പ്പൊട്ടല്‍
X

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി വളരെ വലുതാണെന്ന് നാട്ടുകാർ. ഉരുൾപൊട്ടലിനെതുടർന്ന് മുണ്ടക്കൈയിലുണ്ടായിരുന്ന വീടുകളെല്ലാം ഒലിച്ചുപോയെന്ന് നാട്ടുകാരനായ ഫൈസൽ പറഞ്ഞു. ഉരുൾപൊട്ടലിനെത്തുടർന്ന് മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ് ഫൈസൽ. കൈക്കുഞ്ഞുങ്ങളും പ്രായമായവരുമടക്കം നൂറുക്കണക്കിന് പേർ ട്രീവാലി റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഫൈസൽ മീഡിയവണിനോട് പറഞ്ഞു.

'പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഇരട്ടിയാണ് മുണ്ടക്കൈയിലുണ്ടായിരിക്കുന്നത്. ഒരുപാട് വീടുകൾ തിങ്ങി തിങ്ങി നിൽക്കുന്ന സ്ഥലമാണ് പുഞ്ചിരിവട്ടം എന്ന പ്രദേശം. ആ പ്രദേശം മൊത്തം നശിച്ചു. വീടുകൾ നിന്നിടത്തെല്ലാം പാറക്കല്ലുകളും ചളിക്കൂമ്പാരങ്ങളും മാത്രമാണ് കാണുന്നത്'. ഫൈസൽ പറയുന്നു.

'ഇന്നലെ രാത്രി രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ഞങ്ങളുണ്ടായിരുന്ന റിസോർട്ടിലും കുലുക്കമുണ്ടായിരുന്നു. പ്രായമായവരടക്കം കരയുകയായിരുന്നു. രാവിലെയാണ് ആശ്വാസമായത്. മുണ്ടക്കൈയിലേക്കുള്ള റോഡ് പൂർണമായും തകർന്നു. ടൗണിലൊന്നും അവശേഷിക്കുന്നില്ല. അവിടെയാകെ ചെളി മൂടിക്കിടക്കുകയാണ്. ഞങ്ങൾക്ക് ചുറ്റും പുഴ ശക്തിയിൽ ഒഴുകുകയാണ്. ഇവിടെ ഒറ്റപ്പെട്ടുകിടക്കുകയാണ്. കുറച്ച് മനുഷ്യരെ ദൂരെ കാണുന്നുണ്ട്. രക്ഷാപ്രവർത്തകരാണോ കുടുങ്ങിക്കിടക്കുന്നവരാണോ എന്നറിയില്ല. റിസോർട്ടിൽ ഇവിടെ ഉള്ളവർ കൈക്കുഞ്ഞുങ്ങളാണ്. വിശന്ന് കരയുകയാണ് കുഞ്ഞുങ്ങളെല്ലാവരും. എന്തുചെയ്യണമെന്ന് ഒരു ധാരണയുമില്ല'..ഫൈസൽ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചാലിയാറിൽ നിന്നാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടി ചൂരൽമലയിലേക്ക് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. നൂറുകണക്കിന് വീടുകളും തോട്ടംതൊഴിലാളികളുടെ പാടികളും ഉള്ള മേഖലയിലാണ് ദുരന്തം നടന്നത്. ട്രീവാലി റിസോർട്ടിൽ ഉൾപ്പെടെ നൂറ്കണക്കിന് നാട്ടുകാർ കുടുങ്ങിക്കിടക്കുകയാണ്. 2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയിൽ നിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് മുണ്ടക്കൈ. എൻഡിആർഎഫ് സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും ഉടൻ ദുരന്ത മേഖലയിൽ എത്തും.


TAGS :

Next Story