Quantcast

'പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസും കൂട്ടുകാരും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെടുന്നത്...

MediaOne Logo

Web Desk

  • Updated:

    2023-08-30 05:49:36.0

Published:

30 Aug 2023 5:42 AM GMT

murder case,policemen,relatives,farhas death ,farhas
X

കാസർകോട് കുമ്പളയിൽ പൊലീസ് ചേസിങ്ങിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം. മരണത്തിന് ഉത്തരവാദി പൊലീസുകാരാണെന്നും ഫർഹാസിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‍ലിം ലീഗിന്‍റെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനില്‍ ധർണ ആരംഭിച്ചിട്ടുണ്ട്.

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ ആദ്യ ഘട്ട വകുപ്പുതല നടപടി എടുത്തിട്ടുണ്ട്. എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാരെ ഇന്ന് രാവിലെയോടെ സ്ഥലം മാറ്റി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയാണ് മുഖം രക്ഷിക്കാനുള്ള പൊലീസിന്‍റെ നീക്കം.

വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് അനിശ്ചിത കാല സമരത്തിലേക്ക് കടന്നു. അംഗടിമുഗർ സ്കൂളിലെ +2 വിദ്യാർത്ഥിയായ പേരാൽ കണ്ണൂർ കുന്നിലിലെ ഫർഹാസിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുമ്പള പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

ഫർഹാസിനും കുടുംബത്തിനും നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കുമ്പള ടൗണിൽ പ്രകടനം നടത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.ഐയും ഫ്രറ്റേണിറ്റി മൂവ്മെന്‍റും ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസും കൂട്ടുകാരും സഞ്ചരിച്ച കാർ മറിഞ്ഞ് ഫർഹാസിന്‍റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റത്. മംഗളൂരുവിലെ ആശുപതിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു

TAGS :

Next Story