വധഗൂഢാലോചന കേസ്; എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കേസിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.
കേസുമായി ബന്ധമില്ലാത്ത വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിന്റെ വാദം. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ഹരജിയില്‍ വിശദീകരിക്കുന്നു.
അതേസമയം, വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്തവവിരുദ്ധമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ദാസന്‍ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡായിരുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബര്‍ 26ന് വീട്ടിലെ ജോലി ഉപേക്ഷിച്ചെന്നും 2021 ഒക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നുമുള്ള മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് വാദിച്ചു.
Adjust Story Font
16