'അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാട്': മുഖ്യമന്ത്രിക്കെതിരെ മുസ്‌ലിം ലീഗ്
മുഖ്യമന്ത്രിയുടെ ശൈലിയെ പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ വിമർശിക്കുന്നുവെന്നും പി.എം.എ സലാം
കോഴിക്കോട്: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖം നോക്കുന്നത് നല്ലതാണ്. തോൽവിയിലും വേണം ഒരു അന്തസ്. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ രംഗത്തുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ അടിയന്തര പരിഹാരം കാണണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു. സീറ്റുകളുടെ എണ്ണം കൂട്ടി കുട്ടികളെ കുത്തിനിറച്ച് പഠിപ്പിക്കാനാവില്ല. അത് മുസ്‌ലിം ലീഗ് സമ്മതിക്കുകയുമില്ല. ഈ പോക്കാണ് പോകുന്നതെങ്കിൽ സമരം ലീഗ് ഏറ്റെടുക്കുമെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപത്രം ചന്ദ്രികയും രംഗത്ത് എത്തിയിരുന്നു.
തോല്‍വിക്ക് കാരണം ഭരണവീഴ്ച്ചയാണെന്ന് പി.ആര്‍ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. 'കണ്ണാടി വെച്ചാല്‍ കോലം നന്നാകുമോ' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയം മുസ്‍ലിം ലീഗിനെ മത്തുപിടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണമാണ് ലീഗ് ഏറ്റെടുക്കുന്നത്. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Adjust Story Font
16