Quantcast

നേതൃത്വം പാര്‍ട്ടി ഭരണഘടനയില്‍ നിന്ന് ഏറെ അകലെ; തിരിച്ചു നടക്കണം- നേതാക്കള്‍ക്ക് ലീഗ് ബുദ്ധിജീവികളയച്ച കത്ത് പുറത്ത്

സമീപകാലത്തുണ്ടായ ഹരിത വിവാദത്തെ മുന്‍നിര്‍ത്തി പാര്‍ട്ടിയുടെ ഭരണഘടനാലംഘനം കത്തില്‍ തുറന്നുകാട്ടുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് ഹരിതക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ചേരാതെയാണ് സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-09-09 08:24:08.0

Published:

9 Sep 2021 8:18 AM GMT

നേതൃത്വം പാര്‍ട്ടി ഭരണഘടനയില്‍ നിന്ന് ഏറെ അകലെ; തിരിച്ചു നടക്കണം- നേതാക്കള്‍ക്ക് ലീഗ് ബുദ്ധിജീവികളയച്ച കത്ത് പുറത്ത്
X

സംഘടനാപ്രവര്‍ത്തനം പാര്‍ട്ടി ഭരണഘടനക്ക് അനുസരിച്ചാവണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ബുദ്ധിജീവികള്‍ പാര്‍ട്ടി നേതൃത്വത്തിനയച്ച കത്ത് പുറത്ത്. മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍ക്കും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ക്കും ലീഗ് ബുദ്ധിജീവികളുടെ കൂട്ടായ്മയായ 'ഖന്താറ' അയച്ച കത്താണ് ചോര്‍ന്നത്. സംഘപരിവാര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കെതിരെ രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച മുസ്‌ലിം ലീഗിന്റെ നിലവിലെ നേതൃത്വം സംഘടനാ ഭരണഘടനക്ക് വിരുദ്ധമായാണ് എല്ലാ കാര്യത്തിലും പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളിയായ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് തന്നെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഭരണഘടനാ നിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യയുടെ ഭരണഘടന പോലെ നാം സംരക്ഷിക്കേണ്ട ഒന്നാണ് മുസ്‌ലിം ലീഗിന്റെ ഭരണഘടന. ഭരണഘടനയില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ച ഇന്നത്തെ മുസ്‌ലിം ലീഗ് നേതൃത്വത്തെ തിരുത്തുവാനുള്ള ബാധ്യത അതിന്റെ അണികള്‍ക്കാണ്. അണികളുടെ നിശബ്ദത മുതലെടുത്ത് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും മാറി സഞ്ചരിച്ചാല്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. മുസ്‌ലിം ലീഗിന്റെ നേതൃസംഘത്തെ തിരുത്തുവാനുള്ള ശബ്ദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു. രണ്ടാഴ്ച മുമ്പയച്ച കത്തിനോട് ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

സമീപകാലത്തുണ്ടായ ഹരിത വിവാദത്തെ മുന്‍നിര്‍ത്തി പാര്‍ട്ടിയുടെ ഭരണഘടനാലംഘനം കത്തില്‍ തുറന്നുകാട്ടുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് ഹരിതക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ചേരാതെയാണ് സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ വാര്‍ത്താക്കുറിപ്പിറക്കിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ ഘട്ടം ഘട്ടമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഭരണഘടനയില്‍ പറയുന്നുണ്ട്. ഇതൊന്നും പാലിക്കാതെ ഏകാധിപത്യപരമായാണ് ഹരിതക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടനയിലില്ലാത്ത ഉന്നതാധികാരസമിതിയെ തെരഞ്ഞെടുത്തത് ആരാണെന്നും അതിന്റെ അധികാരപരിധി എന്താണെന്നും ഇവര്‍ ചോദിക്കുന്നു.

സയ്യിദ് അഷ്റഫ് തങ്ങള്‍, ഡോ. സലീല്‍ ചെമ്പയില്‍, റഫീഖ് തിരുവള്ളൂര്‍, മുഹമ്മദ് ഹനീഫ, എ.പി. മുഹമ്മദ് അഫ്‌സല്‍, ജബ്ബാര്‍ ചുങ്കത്തറ, ഹിലാല്‍ അഹമ്മദ്, നൗഷാദ് ടി, ഡോ. അബ്ദുറഹീം കളത്തില്‍, ഹുസ്‌നി ഓമശേരി, മുഹമ്മദലി പി, മുഹമ്മദ് റോഷന്‍, ഷംസീര്‍ കേളോത്ത്, ആഷിഖ് റസൂല്‍ ഇസ്മായീല്‍, അബ്ദുല്‍ കബീര്‍ ചെമ്മല, മുസ്തുജാബ് മാക്കോലത്ത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചത്.

കത്തിന്റെ പൂര്‍ണരൂപം:

To, ജനാബ് പി.എം.എ സലാം ജനറല്‍ സെക്രട്ടറി (ഇന്‍ ചാര്‍ജ് ), മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി

Copy to, ബഹുമാന്യരായ മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍ക്കും ദേശീയ കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്കും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നിവര്‍ക്കും.

ബഹുമാനപ്പെട്ട സാഹിബേ,

ഇന്ത്യയെന്ന ആശയത്തിനു തുരങ്കം വെക്കുന്ന നിയമങ്ങള്‍ക്കെതിരെ നാം സമരം ചെയ്തത് ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു. അതേ പോലെ മുസ്‌ലിം ലീഗിലെ അപചയങ്ങള്‍ക്കെതിരെ നാം ശബ്ദമുയര്‍ത്തേണ്ടത് മുസ്‌ലിം ലീഗിന്റെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാവണം. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണത്തില്‍ പങ്കാളിയായ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് തന്നെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഭരണഘടനാ നിര്‍മ്മാണത്തില്‍ മുഖ്യ പങ്കു വഹിച്ചത്. ഇന്ത്യയുടെ ഭരണഘടന പോലെ നാം സംരക്ഷിക്കേണ്ട ഒന്നാണ് മുസ്‌ലിം ലീഗിന്റെ ഭരണഘടന. ഭരണഘടനയില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ച ഇന്നത്തെ മുസ്‌ലിം ലീഗ് നേതൃത്വത്തെ തിരുത്തുവാനുള്ള ബാധ്യത അതിന്റെ അണികള്‍ക്കാണ്. അണികളുടെ നിശബ്ദത മുതലെടുത്ത് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഉദ്യേശ ലക്ഷ്യങ്ങളില്‍ നിന്നും മാറി സഞ്ചരിച്ചാല്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. മുസ്‌ലിം ലീഗിന്റെ നേതൃത്തെ തിരുത്തുവാനുള്ള ശബ്ദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹരിത-എം.എസ്.എഫ് വിഷയം ഒരു ഉദാഹരണമായി എടുക്കുകയാണെങ്കില്‍ മുസ്‌ലിം ലീഗ് അതിന്റെ ഭരണഘടനയില്‍ നിന്നും എത്ര ദൂരത്താണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രസ്തുത വിഷയത്തില്‍ ആഗസ്ത് 17ന് അങ്ങ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാന്‍ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു എന്നാണ്. ആ സമയം സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ ആയോ അല്ലാതെയോ കൂടിയിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്. മുസ്‌ലിം ലീഗ് ഭരണഘടനാ പ്രകാരം സ്റ്റേറ്റ് കമ്മിറ്റി (സംസ്ഥാന പ്രവര്‍ത്തക സമിതി) എന്നാല്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്ന് അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, നാലു വൈസ് പ്രസിഡണ്ടുമാര്‍ അഞ്ചു സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 45ല്‍ കവിയാത്ത അംഗങ്ങളും കേരള സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുന്ന മൂന്നു പേരും എക്‌സ് -ഒഫിഷ്യോ മെമ്പര്‍മാരും ഉള്‍പ്പെടുന്ന സമിതിയാണ് സ്റ്റേറ്റ് കമ്മിറ്റി. (Article 25a) ആവശ്യമായി വരുന്ന പക്ഷം സംസ്ഥാന കമ്മിറ്റിയില്‍ ഒരു ജനറല്‍ സെക്രട്ടറിയെ കൂടി തിരഞ്ഞെടുക്കാവുന്നതാണ് (Article 25b). നിലവില്‍ എക്‌സ് -ഒഫിഷ്യോ അംഗങ്ങള്‍ അടക്കം നൂറിനടുത്ത് അംഗങ്ങള്‍ സ്റ്റേറ്റ് കമ്മിറ്റിയില്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഭരണഘടനാ പ്രകാരം ക്വാറം തികയാന്‍ മൂന്നില്‍ ഒന്ന് അംഗങ്ങള്‍ വേണം(Article 44). എന്തായാലും അത്തരത്തില്‍ ഒരു യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുവാനായി ചേര്‍ന്നിട്ടില്ല എന്നാണു അറിയാനായി സാധിച്ചത്. ശേഷം ആഗസ്ത് 26നു സംസ്ഥാന കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ അങ്ങ് തന്നെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഇപ്രകാരമാണ് 'എം. എസ്.എഫ് നേതാക്കളുടെ ചില പരാമര്‍ശങ്ങളും ഹരിത വനിത കമ്മീഷനു നല്‍കിയ പരാതി ഏറെ വിവാദങ്ങള്‍ക്കിടയാക്കി. മുസ്‌ലിം ലീഗ് നേതൃത്വം ഇത് സംബന്ധിച്ച് ഒരു താല്‍ക്കാലിക നടപടി സ്വീകരിച്ചു. ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കുകയും എം.എസ്.എഫ് നേതാക്കള്‍ക്ക് ഷോകോസ് നല്‍കുകയും ചെയ്യുകയുണ്ടായി'.

ലളിതമായ ചില സംശയങ്ങള്‍: ആഗസ്ത് 17നു ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്ന പോലെ തീരുമാനമെടുത്തത് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയാണോ? അല്ലെങ്കില്‍ ആഗസ്ത് 26നു ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്ന പോലെ മുസ്‌ലിം ലീഗ് നേതൃത്വം ആണോ തീരുമാനമെടുത്തത്? സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി ആണെങ്കില്‍ എന്താണ് ആ കമ്മിറ്റി കൊണ്ട് അര്‍ഥമാക്കുന്നത്? എത്ര പേര്‍ അതില്‍ അംഗങ്ങളായുണ്ട്? ആരൊക്കെയാണ് അംഗങ്ങള്‍? ഏതു തിയ്യതിയിലാണ് സംസ്ഥാന കമ്മിറ്റി കൂട്ടിയത്? എത്ര പേര്‍ യോഗത്തില്‍ പങ്കെടുത്തു? ഇനി മുസ്‌ലിം ലീഗ് നേതൃത്വം ആണെങ്കില്‍ ആരാണ് നേതൃത്വം? അല്ലെങ്കില്‍ ആരൊക്കെയാണ് നേതൃത്വം? ഈ നേതൃത്വത്തിന് മുസ്‌ലിം ലീഗില്‍ എന്ത് ഭരണഘടനാ സാധുതയാണ് ഉള്ളത്?

മറ്റൊരു കാര്യം, അച്ചടക്ക നടപടികള്‍ എത്തരത്തിലാണ് എടുക്കേണ്ടത് എന്ന് മുസ്‌ലിം ലീഗിന്റെ ഭരണഘടനയില്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. അതുപോലെ ഭരണഘടനാ പ്രകാരം മുസ്‌ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി ഒരു അച്ചടക്ക സമിതിയെ തിരഞ്ഞെടുക്കുകേണ്ടതാണ്(Article 46). അങ്ങനെയൊരു അച്ചടക്ക സമിതി നിലവില്‍ മുസ്‌ലിം ലീഗില്‍ ഇല്ലാ എന്നാണ് അറിഞ്ഞത്. ഇനി അഥവാ മുസ്‌ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ഒരു അച്ചടക്ക സമിതി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആരാണ് അതിന്റെ ചെയര്‍മാന്‍? ആരൊക്കെയാണ് അതിന്റെ അംഗങ്ങള്‍ ?

ഭരണഘടനയില്‍ പറഞ്ഞ അച്ചടക്ക സമിതി: സ്റ്റേറ്റ് കമ്മിറ്റിയില്‍ നിന്നും ഒരു ചെയര്‍മാനും നാല് അംഗങ്ങളുമടങ്ങുന്ന ഒരു അച്ചടക്ക സമിതിയെ തിരഞ്ഞെടുക്കേണ്ടതാണ്. (Article 46)

അച്ചടക്ക നടപടികള്‍: (Article 47)

a) ഈ ഭരണഘടനയ്ക്കോ സംഘടനയുടെ താല്‍പര്യത്തിനോ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കോ വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ സംഘടനയുടെ ഫണ്ട് അപഹരിക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ സംഘടനയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന അംഗത്തിന്റെയോ ഘടകത്തിന്റെയോ പേരിലുള്ള പരാതി ജില്ലാ കമ്മിറ്റി മുഖേനയും ജില്ലാ കമ്മിറ്റിയെ കുറിച്ചാണ് പരാതിയെങ്കില്‍ നേരിട്ടും സ്റ്റേറ്റ് അച്ചടക്ക സമിതിക്ക് അയച്ചു കൊടുക്കേണ്ടതാണ്.

b) അച്ചടക്ക സമിതി കുറ്റാരോപണത്തിന്റെ സാരാംശം ആരോപിതന് അയച്ചു കൊടുക്കേണ്ടതാണ്. ആയത് കൈപറ്റി ഏഴു ദിവസത്തിനകം കുറ്റാരോപിതന്‍ രേഖാമൂലം സമാധാനം ബോധിപ്പിക്കേണ്ടതാണ്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കുന്നതിനും കുറ്റാരോപിതന് അവകാശം ഉണ്ടായിരിക്കുന്നതാണ്.

c) അച്ചടക്ക സമിതി ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കേണ്ടതാണ്.

d) കുറ്റത്തിന്റെ ഗൗരവമനുസരിച്ച് താക്കീത്, സെന്‍ഷ്വര്‍, തരം താഴ്ത്തല്‍, സസ്പെന്‍ഷന്‍, അംഗത്വം റദ്ദാക്കല്‍, കമ്മിറ്റിയില്‍ നിന്ന് നിശ്ചിത കാലത്തേക്ക് മാറ്റി നിര്‍ത്തല്‍ എന്നീ ശിക്ഷകള്‍ നല്‍കാവുന്നതാണ്.

e) സ്റ്റേറ്റ് അച്ചടക്ക സമിതിയുടെ തീരുമാനത്തിന്റെ കോപ്പി കിട്ടി ഏഴു ദിവസത്തിനകം സംസ്ഥാന പ്രസിഡണ്ടിന് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

d) അംഗങ്ങളുടെ പേരിലും ഘടകങ്ങളുടെ പേരിലും നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന പ്രസിഡണ്ടിന് മാത്രമായിരിക്കും (Article 47).

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടുള്ള ഒരു സംശയം ആഗസ്ത് 17ലെ പത്രക്കുറിപ്പ് പ്രകാരം ആരോപണ വിധേയരായവരോട് 'രണ്ടാഴ്ച്ചകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചു' എന്നാണ് പറയുന്നത്. ഏഴു ദിവസം എന്ന് ഭരണഘടനയില്‍ പറയുന്നത് എങ്ങനെയാണ് രണ്ടാഴ്ച്ചയായ് മാറുന്നത്?

ഹരിത-എം.എസ്.എഫ് വിഷയത്തിന്റെ/പരാതിയുടെ മെറിറ്റിലേക്കോ നടപടി/പരിഹാരത്തിലേക്കോ ഞങ്ങള്‍ കടക്കുന്നില്ല. പക്ഷേ, ഇത്തരമൊരു പരാതിയെ/വിഷയത്തെ പാര്‍ട്ടി സമീപിച്ച രീതിയെ നിരീക്ഷിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങളാണ് ഞങ്ങള്‍ പറയാനുദ്ദേശിച്ചത്.

എന്തു കൊണ്ടാണ് മുസ്‌ലിം ലീഗ് ഭരണഘടനയെ അവഗണിക്കുന്നത്? മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയുമൊക്കെ ഭരണഘടന എങ്ങനെ ഒരു സംഘടനാ തിരെഞ്ഞെടുപ്പ് നടത്തണമെന്ന് മനോഹരമായി പറഞ്ഞു വെക്കുമ്പോള്‍, വിഭാഗീയത ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്തേണ്ട രീതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുമ്പോള്‍ ആണ് ഭരണഘടനയെ തള്ളി കൗണ്‍സിലുകളെ മറികടന്ന് മുഖ്യ സ്ഥാനങ്ങളിലേക്ക് വരെ നോമിനേഷനുകളും പിന്‍വാതില്‍ പ്രഖ്യാപനങ്ങളും നടക്കുന്നത്. സംസ്ഥാന ഭാരവാഹികളായി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, നാലു വൈസ് പ്രസിഡണ്ടുമാര്‍ അഞ്ചു സെക്രട്ടറിമാര്‍ ആവശ്യമെങ്കില്‍ രണ്ടാമതൊരു ജനറല്‍ സെക്രട്ടറി കൂടി - ഇത്രയുമാണ് ഭരണഘടന പറഞ്ഞു വെക്കുന്നത്. ഇതിനെയൊക്കെ മറികടന്ന് ജംബോ കമ്മിറ്റി ഉണ്ടാക്കുന്നത് എന്തിനു വേണ്ടിയാണ്? ഇത് ഭരണഘടനാ വിരുദ്ധമല്ലെ?

അതേപോലെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും ദേശീയ ഭാരവാഹികളായ ആളുകളും മലപ്പുറം ജില്ലാ പ്രസിഡണ്ടും ഉള്‍പ്പെടെ പത്തോളം ആളുകളെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിയെ തിരഞ്ഞെടുത്തത് ആരാണ്? പാര്‍ട്ടിയുടെ ഏതു സമിതിയാണ് ഇവരെ തിരെഞ്ഞെടുത്തത്? ഉന്നതാധികാര സമിതിയുടെ അധികാര പരിധിയും വിവേചനാധികാരവും എന്തൊക്കെയാണ്? ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡം എന്താണ്?

മുസ്‌ലിം ലീഗിന്റെ ഭരണഘടനയില്‍ പറയുന്നതനുസരിച്ച് 'ജില്ലാ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും ജില്ലാ കൗണ്‍സിലുകളില്‍ നിന്നും തിരഞ്ഞെടുത്തു വരുന്ന പ്രതിനിധികളും സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുന്ന അഞ്ചു പേരും എക്‌സ് ഒഫിഷ്യോ മെമ്പര്‍മാരും ഉള്‍പ്പെടുന്ന സമിതിയാണ് സ്റ്റേറ്റ് കൗണ്‍സില്‍. സംഘടനയുടെ ഉന്നതാധികാര സഭയും നയ രൂപീകരണ സമിതിയും സ്റ്റേറ്റ് കൗണ്‍സില്‍ ആകുന്നു' (Article 23)

അപ്പോള്‍ മുസ്‌ലിം ലീഗിന്റെ സ്റ്റേറ്റ് കൗണ്‍സിലിന്റെയും മുകളിലാണോ ഉന്നതാധികാര സമിതി? ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാ സാധുത ഉന്നതാധികാര സമ്മതിക്കുണ്ടോ? അധികാരവും പാര്‍ട്ടിയും പങ്കിട്ടെടുക്കാതെ ജനാധിപത്യപരമായി ഈ സംഘടനയെ മുന്നോട്ട് നയിക്കണമെങ്കില്‍ പാര്‍ട്ടിയും നേതൃത്വവും അണികളും ഭരണഘടനയിലേക്ക് തിരിച്ചു നടക്കേണ്ടതുണ്ട്. പാര്‍ട്ടിക്കകത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാനും ഭരണഘടനാനുസൃതം ഈ സംഘടനയെ നയിക്കുവാനും കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ പാര്‍ട്ടി ചട്ടങ്ങളില്‍ വരുത്തുവാനും താങ്കള്‍ക്കും പ്രസ്ഥാനത്തിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ കത്തിനു മറുപടിയും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നു.


TAGS :

Next Story