ലീഗിന്റെ സംഘടനാ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് നിര്‍ദേശിക്കുന്ന ഉപസമിതി റിപ്പോര്‍ട്ട് റെഡി
മെംബര്‍ഷിപ്പിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം, മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി അല്ലെങ്കില്‍ ശമ്പളം, താഴേതട്ട് മുതലുള്ള പ്രവര്‍ത്തകരെ നിരന്തരം കേള്‍ക്കാനുള്ള വ്യവസ്ഥാപിതമായ സംവിധാനം തുടങ്ങി സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയ കരടിനാണ് ഉപസമിതി അംഗീകാരം നല്‍കിയത്
കെട്ടുപൊട്ടിയ സംഘടനാ സംവിധാനം ക്രമപ്പെടുത്താനും പുതുക്കിപ്പണിയാനുള്ള രൂപ രേഖ തയ്യാറാക്കാന്‍ മുസ്‍ലിം ലീഗ് നിശ്ചയിച്ച ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കി. മെംബര്‍ഷിപ്പിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം, മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി അല്ലെങ്കില്‍ ശമ്പളം, താഴേതട്ട് മുതലുള്ള പ്രവര്‍ത്തകരെ നിരന്തരം കേള്‍ക്കാനുള്ള വ്യവസ്ഥാപിതമായ സംവിധാനം തുടങ്ങി സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയ കരടിനാണ് ഉപസമിതി അംഗീകാരം നല്‍കിയത്. വിശദ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ചേരുന്ന പ്രവര്‍ത്തകസമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം പ്രായോഗിക നടപടികള്‍ ആരംഭിക്കും.
ഡിജിറ്റല്‍ മെംബര്‍ഷിപ്പ്
ലീഗ് മെംബര്‍മാര്‍ ആരൊക്കെയാണ് എന്ന കാര്യത്തില്‍ കൃത്യമായ വിവരം നേതൃത്വത്തിന്റെ കൈവശമില്ല. ലീഗ് ഹൗസില്‍ വെച്ച് മുഈനലി തങ്ങളെ അസഭ്യം പറഞ്ഞിന്റെ പേരില്‍ ഉന്നതാധികാര സമിതി പുറത്താക്കിയ റാഫി പുതിയകടവ് പാര്‍ട്ടി അംഗമല്ലെന്ന് തെളിഞ്ഞതോടെ നേതൃത്വം നാണംകെടുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് നിമിഷങ്ങള്‍ക്കകം മെംബര്‍ഷിപ്പ് പരിശോധിക്കാവുന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത്. തോന്നിയപോലെ ഭാരവാഹികളുടെ എണ്ണം കൂട്ടുന്ന പതിവ് രീതിക്കും മാറ്റം വരും. ഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തി ക്രമീകരിച്ചത്കൂടിയാകും പുതിയ ആപ്പ്. ഇഷ്ടക്കാരെ കൗണ്‍സിലര്‍മാരും ഭാരവാഹികളുമാക്കാന്‍ വ്യാജ മെംബര്‍ഷിപ്പ് ഉണ്ടാക്കുന്ന സ്ഥിതിക്കും ഇതോടെ മാറ്റം വരുമെന്നാണ് ഉപസമിതിയുടെ പ്രതീക്ഷ.
പ്രവര്‍ത്തകരെ കേള്‍ക്കും
ലീഗ് തീരുമാനങ്ങളില്‍ പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കുന്നില്ലെന്ന ആക്ഷേപം പരിഹരിക്കാനാണ് പ്രത്യേക സഭകള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ മണ്ഡലം തലത്തില്‍ സംഘടിപ്പിച്ച് അഭിപ്രായം കേള്‍ക്കും. സംസ്ഥാന ഭാരവാഹി അടങ്ങുന്ന അഞ്ചംഗ സമിതിയാണ് മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരെ കേള്‍ക്കാനെത്തുക.
ശാഖാ തലം മുതലുള്ള പാര്‍ട്ടിയുടെ ആസ്തികള്‍, ഓഫീസുകള്‍, അതിലെ സംവിധാനങ്ങള്‍, പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങളും പാര്‍ട്ടി ശേഖരിക്കും. പ്രവര്‍ത്തകരുമായുള്ള നേതൃത്വത്തിന്റെ ആശയവിനിമയ മാര്‍ഗങ്ങളിലും ഡിജിറ്റല്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും.
പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കും
സംഘടനാപരവും വികസനപരവുമായ വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ക്രോഡീകരിച്ച് നടപ്പാക്കും. പാര്‍ട്ടി നേതൃത്വം അംഗീകരിച്ച ഇത്തരം ആവശ്യങ്ങള്‍ സംഘടനാ സംവിധാനം ഉപയോഗിച്ചോ പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള തദ്ദേശ സ്ഥാപനങ്ങളുടേയോ സസ്ഥാന സര്‍ക്കാരിന്റെ സംവിധാനം ഉപയോഗിച്ചോ നടപ്പാക്കും. ഇതിന് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ മോണിറ്ററിംഗ് സംവിധാനം ഉണ്ടാകും. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ സംഘടന അതീവ ദുര്‍ബ്ബലമാണ്. ഇവിടങ്ങളിലെ സംഘടനാ സംവിധാനം സംബന്ധിച്ച് ഓഡിറ്റ് നടത്തും. പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി, പോഷക സംഘടനാ ഘടകങ്ങള്‍ ഒഴിവാക്കും.
സംരംഭകത്വം അടക്കമുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നേതൃത്വം നല്‍കാനും തൊഴിലാളി സംഘടനാ സംവിധാനം ഉപയോഗിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങളും കരട് റിപ്പോര്‍ട്ടിലുണ്ട്. കെ.എം ഷാജിയാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സെപ്തംബറില്‍ ചേരുന്ന സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി കരട് വിശദമായി പരിശോധിച്ച് അന്തിമമാക്കും.ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, നേതാക്കളായ കെ.പി.എ മജീദ്, കെ.എം ഷാജി, കുട്ടി അഹമ്മദ് കുട്ടി, പി എം സാദിഖലി, സിപി ചെറിയ മുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, എന്‍ ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ഫിറോസ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. രണ്ട് സിറ്റിംഗിലാണ് ഉപസമിതി കരട് തയ്യാറാക്കിയത്.
Adjust Story Font
16