Quantcast

മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീ​ഗിന്റെ ഊട്ടുപുര പൂട്ടിച്ചു

നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്.

MediaOne Logo

Web Desk

  • Updated:

    2024-08-04 05:53:22.0

Published:

4 Aug 2024 3:18 AM GMT

മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീ​ഗിന്റെ ഊട്ടുപുര പൂട്ടിച്ചു
X

കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചു. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരയ്ക്ക് മുന്നിൽ ഫ്ലക്സ് കെട്ടിയിട്ടുണ്ട്.

'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും നിങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ല എന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസൺ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്'- നാദാപുരം നരിപ്പറ്റ വൈറ്റ്ഗാർഡ് പറയുന്നു.

സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രം​ഗത്തെത്തി. ജൂലൈ 31ന് രാവിലെ മുതൽ പാചകം ആരംഭിക്കുകയും ഇന്നു വരെ മൂന്ന് നേരം സൗജന്യമായി ഭക്ഷണം വിളമ്പുകയും ചെയ്ത ഊട്ടുപുരയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ഡി.ഐ.ജി തോംസൺ ജോസ് വന്ന് നിർത്താൻ പറഞ്ഞതെന്ന് പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി പറഞ്ഞത്. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തി. സങ്കടത്തോടെ അവർ ഭക്ഷണ വിതരണം നിർത്തി.

'ഊട്ടുപുരയുണ്ടായിരുന്നതിനാൽ ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാൾ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടിരുന്നില്ല. ഒട്ടേറെ പേർക്ക് സൗജന്യമായി നൽകിയ ഭക്ഷണ വിതരണം നിർത്തിച്ചത് പച്ചമലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സർക്കാർ മറുപടി പറഞ്ഞേ തീരൂ'- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ സർക്കാർ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസർ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 'പട്ടാളക്കാർ ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. എന്തെങ്കിലും പ്രയാസം വന്നാൽ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അവിടുത്തെ പോളിടെക്‌നിക്കിൽ സർക്കാർ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചത്- മന്ത്രി വ്യക്തമാക്കി.

ആളുകൾ നല്ല മനസോടെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ ഗുണമേന്മ പ്രധാനമാണ്. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ മോശമാണന്നല്ല പറഞ്ഞത്, പട്ടാളക്കാർ ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്, എന്തെങ്കിലും പ്രയാസം വന്നാൽ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവിടുത്തെ പോളിടെക്‌നിക്കിൽ സർക്കാർ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഫുഡ് സേഫ്റ്റി ഓഫീസർ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നത്. ഹോട്ടൽ അസോസിയേഷന്റെ സഹായത്താലാണ് ഇത് എല്ലായിടത്തും വിതരണം ചെയ്യുന്നത്. ഇതൊരു സംവിധാനമാണ്. എന്നാൽ പലരും ഭക്ഷണം ഉണ്ടാക്കിനൽകുന്നുണ്ട്. അങ്ങനെയുണ്ടാക്കേണ്ടിവരേണ്ടെന്ന് രണ്ട് ദിവസം മുമ്പ് കലക്ടർ പറഞ്ഞിരുന്നു- എന്നായിരുന്നു ദുരന്തമേഖലയിലെ ഭക്ഷണവിതരണത്തെ കുറിച്ച് മന്ത്രി വിശദമാക്കിയത്.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജൂലൈ 30 ന് വൈകുന്നേരം മേപ്പാടിയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം വൈറ്റ് ഗാർഡിന്റെ അടിയന്തിര യോഗത്തിലിരിക്കുമ്പോഴാണ് നരിപ്പറ്റയിൽ നിന്ന് ഖമറും റഫീഖും വന്ന് പഞ്ചായത്ത് വൈറ്റ് ഗാർഡ് ഭക്ഷണം തയ്യാറാക്കി നൽകാമെന്നറിയിക്കുന്നത്. ഉടനെ തന്നെ പാചകം ചെയ്യുന്നതിനുള്ള സ്ഥലവും പ്രദേശത്തെ ഒരു പാർട്ടി പ്രവർത്തകനെ സഹായത്തിനായും ഏർപ്പാട് ചെയ്തു.

ജൂലൈ 31ന് രാവിലെ തന്നെ അവർ പാചകം ആരംഭിച്ചു. ഇന്ന് വരെ മൂന്ന് നേരം അവർ ഭക്ഷണം വിളമ്പി. രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികർ, പോലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തെരയുന്ന ബന്ധുക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും അവർ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തു.

ദിവസം എണ്ണായിരത്തോളം ഭക്ഷണമാണ് അവർ വെച്ച് വിളമ്പിയത്. സ്പോൺസർഷിപ്പ് നൽകാമെന്ന് പറഞ്ഞ് പലരും എന്നെ വിളിച്ച വിവരം അറിയിച്ചപ്പോൾ ഒന്നും വേണ്ടെന്നാണ് അവരെന്നോട് പറഞ്ഞത്. ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാൾ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടില്ല.

നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗിനെ കുറിച്ച്, വൈറ്റ് ഗാർഡിന്റെ പാചകപ്പുരയെ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നു. ദേശീയ മാധ്യമങ്ങൾ വരെ വാർത്തയാക്കി. എല്ലാവരും നല്ലത് പറഞ്ഞു.

എന്നാലിന്ന് വൈകുന്നേരത്തോടെ ഡി.ഐ.ജി തോംസൺ ജോസ് വന്ന് പാചകപ്പുര നിർത്താൻ പറഞ്ഞു. സർക്കാർ തീരുമാനമാണെന്ന് പറഞ്ഞു. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തി. സങ്കടത്തോടെ അവരിന്നാ ഭക്ഷണ വിതരണം നിർത്തി.

വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് വരെ സർക്കാറിനെതിരെ ഒരക്ഷരം ഞങ്ങളാരും പറഞ്ഞിട്ടില്ല. പരാതികളില്ലാത്തത് കൊണ്ടല്ല. ദുരന്തമുഖത്ത് ചേർന്ന് നിൽക്കുക എന്നത് പാർട്ടിയുടെ നിലപാടായത് കൊണ്ടാണ്.

എന്നാലിപ്പോൾ ഒട്ടേറെ പേർക്ക് സൗജന്യമായി നൽകിയ ഭക്ഷണ വിതരണം നിർത്തിച്ചത് പച്ച മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സർക്കാർ മറുപടി പറഞ്ഞേ തീരൂ...

TAGS :

Next Story