ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്
നിശബ്ദമാണെങ്കിലും വിഭാഗീയത ഇപ്പോഴും യൂത്ത് ലീഗില്‍ ഉണ്ട്. ഗ്രൂപ്പില്ലാത്തവര്‍ക്ക് പദവിയുമില്ല എന്നതാണ് സ്ഥിതി

കൊച്ചി: ആറ് വര്‍ഷത്തിന് ശേഷം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം കുറിക്കുകയാണ്. മുസ്ലിം ലീഗിന് കേരളത്തിലും തമിഴ്നാട്ടിലും ഭരണ പങ്കാളിത്തമുള്ള സന്ദര്‍ഭത്തിലാണ് യൂത്ത് ലീഗ് സമ്മേളനം. അതിന്റെ എല്ലാ പൊലിമയും സമ്മേളന പ്രചാരണത്തില്‍ ദൃശ്യമായിരുന്നു. ഭരണത്തിന്റെ പിന്തുണയും ആനുകൂല്യങ്ങളും ഉള്ളപ്പോഴും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ധാരാളം യൂത്ത് ലീഗ് നേരിടുന്നുണ്ട്.
പുര നിറഞ്ഞ നേതാക്കള്‍
യൂത്ത് ലീഗിന്റെ പ്രായപരിധി 40 വയസ്സാണ്. സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് എംഎല്‍എക്ക് നിയമസഭാ രേഖകള്‍ പ്രകാരം 46 വയസ്സാണ് പ്രായം. പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രായം 49ഉം. രണ്ട് ടേമുകളിലായി പത്ത് വര്‍ഷമാണ് മുനവ്വറലി തങ്ങളും പി.കെ ഫിറോസും സംഘടനാ തലപ്പത്ത് തുടര്‍ന്നത്. ഇരുവര്‍ക്കും വയസ്സിളവ് നല്‍കിയാണ് അവസരം നല്‍കിയത്. ഇരുവര്‍ക്കും ലഭിച്ച വയസ്സിളവ് ജില്ലാ, മണ്ഡലം ഭാരവാഹികളുടെ പ്രായപരിധിയിലും പ്രതിഫലിച്ചു. പ്രായപരിധി പിന്നിട്ടവരാണ് കഴിഞ്ഞ കുറെ കാലമായി സംഘടനയെ നയിച്ചിരുന്നത്. പ്രായപരിധി എന്നത് സംഘടനയില്‍ ഒരു വിഷയമേ അല്ലാതായി. ഫലത്തില്‍ പുതിയ തലമുറ നേതൃത്വത്തില്‍ നിന്നും പുറത്തായി. ഇനി, പ്രായപരിധി കണിശമാക്കി പുതിയ കമ്മറ്റികള്‍ വരുമ്പോള്‍ നേതൃനൈരന്തര്യത്തിന്റെയും പരിചയത്തിന്റെയും പ്രശ്നങ്ങള്‍ സംഘടന നേരിടുമെന്ന വിലയിരുത്തല്‍ ശക്തമാണ്.
ദുര്‍ബലമായ ശാഖാ കമ്മിറ്റികള്‍
പ്രവാസം അനിവാര്യ സാഹചര്യമായി നിലനില്‍ക്കുന്നതിനാല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ പലരും വിദേശത്തേക്ക് പോകുന്നത് പതിവാണ്. ശാഖാ കമ്മിറ്റികളുടെ ഭാരവാഹികളായി ചുമതലയേറ്റ് ആറു മാസമോ ഒരു വര്‍ഷമോ തികയുമ്പോഴേക്ക് വിദേശത്ത് പോയവര്‍ നിരവധിയാണ്.
ഇങ്ങനെ ഒഴിഞ്ഞു പോയവര്‍ക്ക് പകരക്കാരെ കണ്ടെത്തി ചുമതലയേല്പ്പിക്കേണ്ടത് പ്രധാനപ്പെട്ട സംഘടനാ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ മേല്‍ഘടകങ്ങള്‍ക്ക് പലപ്പോഴും സാധിച്ചില്ല. അക്കാരണം കൊണ്ടുതന്നെ ദുര്‍ബലമായ പ്രാദേശിക ഘടകങ്ങള്‍ നിരവധിയാണ്. നഗര കേന്ദ്രീകൃതമായ വാര്ത്താദൃശൃതയുള്ള പരിപാടികളില്‍ മാത്രം ശ്രദ്ധയൂന്നിയപ്പോള്‍ ഇത്തരം സംഘടനാ വ്യവസ്ഥകളുടെ ക്രമീകരണത്തില്‍ അലംഭാവമുണ്ടായി. താഴെത്തട്ടില്‍ സംഘടനാ സംവിധാനം നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നേതൃത്വത്തിന് ശ്രദ്ധയില്ലാതായി. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പ്രാദേശികതല പ്രചാരണങ്ങളിലും ഈ ദൗര്‍ബല്യം പ്രകടമായിരുന്നു.
രാഷ്ട്രീയ സമരങ്ങളില്‍ നിന്നുള്ള പിന്മാറ്റം
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.ടി ജലീലിനെതിരെ അഴിമതിയാരോപണങ്ങളുമായി രംഗത്ത് വന്നാണ് യൂത്ത് ലീഗ് അധ്യക്ഷന്‍ എന്ന നിലക്ക് പി.കെ ഫിറോസ് ശ്രദ്ധാകേന്ദ്രമാവുന്നത്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ പി.കെ ഫിറോസ് കളംനിറഞ്ഞു നിന്നു. സംഘടനയെ കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ ഉറപ്പിച്ച് നിര്‍ത്താനും ആ സന്ദര്‍ഭത്തില്‍ ഫിറോസിന് സാധിച്ചു. സംഘടനാപരമായ ദൗര്ബല്യങ്ങളുള്ളപ്പോഴും ഫിറോസിന്റെ ചടുല നേതൃത്വം സംഘടനക്ക് ദൃശൃത നല്കി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഫിറോസ് അസാധാരണ രീതിയില്‍ നിശബ്ദനായി. പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കൂടുതല്‍ സമയവും വിദേശത്തായിരുന്നു. പ്രധാന രാഷ്ട്രീയ സംഭവങ്ങള്‍ നടക്കുന്ന പല സമയത്തും യൂത്ത് ലീഗ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നാട്ടിലില്ലാത്ത സ്ഥിതിയായി. ശ്രദ്ധേയമായ ഏതെങ്കിലും രാഷ്ട്രീയ സമരങ്ങളോ മുദ്രാവാക്യങ്ങളോ മുന്നോട്ട് വെക്കാന്‍ സംഘടനക്ക് സാധിച്ചില്ല.
കോവിഡാനനന്തരം രൂപപ്പെട്ട നവമാധ്യമങ്ങളുടെ തള്ളിച്ചയുടെ ഘട്ടത്തില്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തിപ്പെടുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടായി. അത്തരം വിദ്വേഷ പ്രചാരകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു. പല ഘട്ടങ്ങളിലും വിദ്വേഷ പ്രചാരത്തിനെതിരെ സംസാരിക്കുന്ന മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഈ വിഷയത്തില്‍ നിയപരമോ രാഷ്ട്രീയമോ ആയ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ യൂത്ത് ലീഗിന് ആയില്ല. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ സ്ക്രീന്‍ ഷോട്ട് നിര്‍മിച്ച സംഭവമായിരുന്നു വടകരയിലെ പ്രമാദമായ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്. സ്വന്തം പ്രസ്ഥാനവും പ്രവര്‍ത്തകനും വേട്ടയാടപ്പെട്ട ഈ വിഷയത്തില്‍ പോലും സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യൂത്ത് ലീഗിന് സാധിച്ചില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവായ ജിതിന് ഭാസ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ ജിതിന് ഭാസ്കറിന് മൂന്നിടങ്ങളിലാണ് സിപിഎമ്മും ഡിവൈഎഫ്ഐയും വന്‍ സ്വീകരണം ഒരുക്കിയത്. എന്നാല്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിമിന് ഒരു സ്വീകരണം ഒരുക്കാന്‍ പോലും യൂത്ത് ലീഗിനായില്ല.
മലബാറിനോടുള്ള വികസന വിവേചനം, ഇസ്ലാമോഫോബിയ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും രാഷ്ട്രീയ, സമര ഇടപെടല്‍ നടത്തുന്നതില്‍ സംഘടന പരാജയപ്പെട്ടു. മാതൃസംഘടനയായ മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനം എന്നതിനെക്കാള്‍ ചാരിറ്റി പ്രസ്ഥാനമായി മാറിയെന്ന വിമര്‍ശനം സംഘടനക്കകത്ത് തന്നെയുണ്ട്. യൂത്ത് ലീഗും അതേവഴിയില്‍ തന്നെ പോയി.
'റീല്‍ ലീഡര്‍ഷിപ്പ്'
രാജ്യവും സമുദായവും നേരിടുന്ന ഗൗരവപ്പെട്ട പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും സമരങ്ങളില്‍ നിന്നും പിറകോട്ടു പോയപ്പോള്‍ റീലുകള്‍ ഉണ്ടാക്കി സാന്നിധ്യം ഉറപ്പിക്കാനാണ് നേതൃത്വം ശ്രമിച്ചതെന്ന വിമര്‍ശനം സംഘടനയില്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മാതൃകയാക്കുകയായിരുന്നു യൂത്ത് ലീഗ് നേതാക്കളും എന്നാണ് വിലയിരുത്തല്‍.
ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളെ പരിധിവിട്ട് പ്രോത്സാഹിപ്പിച്ചുവെന്ന വിമര്‍ശനം പി.കെ ഫിറോസിനെതിരെ സംഘടനക്കുള്ളിലുണ്ട്. വലിയ ജനകീയ അടിത്തറയുള്ള യൂത്ത് ലീഗിന്റെ സംഘടനാ സംവിധാനത്തിനുള്ളില്‍ സ്വൈര വിഹാരം നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ പോലുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം നല്‍കിയെന്നാണ് വിമര്‍ശനം. രാഹുല്‍ മാങ്കൂട്ടത്തില്‍ - ഷാഫി പറമ്പില്‍ - പി.കെ ഫിറോസ് എന്നിവര്‍ ഒരുമിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ 'സെല്‍ഫ് പ്രമോഷന്' സംഘടനാ താത്പര്യങ്ങളെ സംരക്ഷിക്കുന്നതായില്ല എന്നും ഫിറോസിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട സമയത്ത് പോലും ലീഗിന്റെ സൈബര്‍ അണികള്‍ തത്വദീക്ഷയില്ലാതെ രാഹുലിനായി പോരാട്ടത്തിനിറങ്ങി. വിവാദ കാലത്ത് ഫാത്തിമ തഹ്ലിയ രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഷാഫി - മാങ്കൂട്ടം ഫാന്‍സ് സംഘമായി യൂത്ത് ലീഗ് മാറുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലായിരുന്നു പലപ്പോഴുമുള്ള സംഘടനയുടെ സൈബര്‍ ഇടപെടലുകള്‍. തെരുവില്‍ നിന്ന് പിന്മാറുകയും റീലില്‍ അഭയം തേടുകയും ചെയ്യുന്ന സംഘടനാ രീതിക്കെതിരായ വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്.
നടക്കാതെ പോയ വനിതാ സംവരണം
2025 ഏപ്രിലില്‍ യൂത്ത് ലീഗ് ഒരു പ്രഖ്യാപനം നടത്തി. യൂത്ത് ലീഗിന്റെ ശാഖ മുതല്‍ ദേശീയ കമ്മിറ്റി വരെയുള്ള ഭാരവാഹി സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് 20 ശതമാനം സംവരണം നിശ്ചയിച്ച് സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്തുവെന്നായിരുന്നു അത്. ലിംഗനീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ തങ്ങള്‍ ഗൗരവത്തോടെ നേരിടുന്നുവെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. ഫാത്തിമ തഹ്ലിയ (സംസ്ഥാന സെക്രട്ടറി), നജ്മ തബ്ഷീറ (ദേശീയ സെക്രട്ടറി), മുഫീദ തസ്നി (ദേശീയ വൈസ് പ്രസിഡന്റ്) എന്നിവര്‍ കൂടിയുള്ള നേതൃത്വമാണ് ഈ തീരുമാനം എടുത്തത്. യൂത്ത് ലീഗ് അംഗത്വ കാമ്പയിന് എട്ട് മാസം മുന്‍പ് നടത്തിയ ഈ പ്രഖ്യാപനം പക്ഷേ പുതിയ ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചപ്പോള്‍ ജലരേഖയായി. 13 പുതിയ ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചപ്പോള്‍ കൊല്ലം ജില്ലയില്‍ മാത്രമാണ് വനിതാ പ്രാതിനിധ്യം. 20 ശതമാനം വനിതാ സംവരണം എന്നത് കൊല്ലത്തെ ബരീറ താഹയില്‍ മാത്രം ഒതുങ്ങി. സംഘടനക്ക് ലിംഗവിവേചനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ കലാപം നടത്തിയ ഫാത്തിമ തഹ്ലിയ (കോഴിക്കോട്), നജ്മ തബ്ഷീറ (മലപ്പുറം), മുഫീദ തസ്നി (വയനാട്) എന്നിവരുടെ ജില്ലകള്‍ ഉള്‍പ്പെടെ സംഘടനക്ക് മികച്ച ശക്തിയുള്ള മലബാര്‍ ജില്ലകളില്‍ പോലും വനിതാ ഭാരവാഹികള്‍ ഇല്ല. പഴയ ഹരിത നേതാക്കള്‍ പോലും ഈ വിഷയം ഉന്നയിക്കുന്നില്ല എന്നതാണ് കൗതുകകരം. അതേമസയം ഹരിത നേതാക്കളുടെ ലൈംഗികാധിക്ഷേപ ആരോപണം നേരിട്ട പി.കെ നവാസ് നയിച്ച എംഎസ്എഫില്‍ വനിതാ പ്രാതിനിധ്യം നടപ്പാക്കി. മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യമാണ് കഴിഞ്ഞ സമ്മേളനത്തോടെ നടപ്പാക്കിയത്. എംഎസ്എഫ് ജില്ലാ ഭാരവാഹികളില്‍ രണ്ട് മുതല്‍ മൂന്ന് വരെ വനിതകളുണ്ട്.
വനിതാ സംവരത്തെ കുറിച്ച 'മീഡിയവണി'ന്റെ ചോദ്യത്തിന് പിഴവ് പറ്റിയെന്നും തിരുത്തുമെന്നുമാണ് പി.കെ ഫിറോസ് പ്രതികരിച്ചത്.
വിട്ടൊഴിയാതെ വിവാദങ്ങളും നിശബ്ദ വിഭാഗീയതയും
നിശബ്ദമാണെങ്കിലും വിഭാഗീയത ഇപ്പോഴും യൂത്ത് ലീഗില്‍ ഉണ്ട്. ഗ്രൂപ്പില്ലാത്തവര്‍ക്ക് പദവിയുമില്ല എന്നതാണ് സ്ഥിതി. യൂത്ത് ലീഗിലെ അജയ്യ ശക്തി ഇപ്പോഴും പി.കെ ഫിറോസ് പക്ഷം തന്നെയാണ്. ഇത്തവണ ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചപ്പോഴും വിഭാഗീയത പ്രകടമായി. സംസ്ഥാന സമ്മേളനം തുടങ്ങിയിട്ടും ഇടുക്കി ജില്ലാ ഭാരവാഹികളെ തീരുമാനിക്കാനായിട്ടില്ല. മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാതെയാണ് തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്. തെക്കന്‍ ജില്ലകളിലെ ഭാരവാഹിപ്പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
വിവാദങ്ങള്‍ പലതരത്തില്‍ ഇത്തവണയും യൂത്ത് ലീഗിനെ പിന്തുടര്ന്നു. ദോത്തി ചാലഞ്ചാണ് അക്കാര്യത്തില്‍ വലിയ വിവാദമായത്. ശാഖാ കമ്മിറ്റികള്‍ വഴി മുന്‍കൂട്ടി പണം വാങ്ങി ദോത്തികള്‍ വിറ്റ് പ്രവര്‍ത്തന ഫണ്ട് ശേഖരിക്കുന്നതായിരുന്നു പദ്ധതി. ദോത്തിയുടെ ഗുണനിലവാരം, വില, കമ്മീഷന് തുടങ്ങിയ കാര്യങ്ങളില്‍ വലിയ സംശയങ്ങളും ആരോപണങ്ങളും ഉയര്‍ന്നു. ഗുണനിലവാരമില്ലാത്തതിനാല്‍ തിരിച്ചെടുത്ത ദോത്തികള്ക്ക് പകരം ലഭിച്ചില്ലെന്ന പരാതി ഇപ്പോഴും നിലനില്ക്കുന്നു.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മ' ഫെസ്റ്റിവല്‍ ആയിരുന്നു കഴിഞ്ഞ കാലത്ത് യൂത്ത് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധേയമായ ഒരു പരിപാടി. ആശയപരവും രാഷ്ട്രീയവും സാംസ്കാരികവുമായ ഉള്ളടക്കമുള്ള പരിപാടിയായിരുന്നു അത്. സംഘടനാപരമായ ഉണര്‍വും ആശയപരവും രാഷ്ട്രീവുമായ പുതുക്കലും സംസ്ഥാന സമ്മേളനത്തോടെ സംഘടനയില്‍ സംഭവിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
Adjust Story Font
16

