ഊരിലെ ഇല്ലായ്മകൾക്കിടയിലും പഠിച്ചു; പരീക്ഷയും ഫിസിക്കൽ ടെസ്റ്റും പാസായി, എന്നിട്ടും തന്റേതല്ലാത്ത കാരണത്താൽ മുത്തു അയോഗ്യനായി
പി.എസ്.സി നോട്ടിഫിക്കേഷൻ അനുസരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉന്തിയ പല്ല്, കൊമ്പല്ല് എന്നിവ അയോഗ്യതയാണ്
പാലക്കാട്: അട്ടപ്പാടിയിലെ ആനവായ് ഊരിലാണ് മുത്തു ജനിച്ചതും വളർന്നതും. ചെറുപ്പത്തിൽ വീണ് മോണ പൊട്ടിയപ്പോൾ മുത്തു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല സർക്കാർ ജോലി ലഭിക്കാതിരിക്കാൻ ഈ വീഴ്ച കാരണമാകുമെന്ന്. 18,000 രൂപ മുടക്കി ഉന്തിയ പല്ല് ശസ്ത്രക്രിയ ചെയ്ത് നന്നാക്കാൻ പ്രാക്തന ഗോത്രവിഭാഗക്കാരനായ മുത്തുവിന് സാധിച്ചില്ല. ഊരിലെ ഇല്ലായ്മകൾക്കിടയിലും മുത്തു പഠിച്ചു. സർക്കാർ ജോലിക്കായി പിഎസ്എസി പരീക്ഷ എഴുതി വിജയിച്ചു. കായികക്ഷമതാ പരീക്ഷയിലും തോറ്റില്ല.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ ജയിച്ച് അഭിമുഖത്തിനായി പോയപ്പോൾ, പിഎസ്‌സിയുടെ മാർഗനിർദേശം മുത്തുവിനെ തോൽപ്പിച്ചു. പിഎസ്‌സി നോട്ടിഫിക്കേഷൻ അനുസരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉന്തിയ പല്ല് , കൊമ്പല്ല് എന്നിവ അയോഗ്യതയാണ്.
പ്രതിസന്ധിളൊക്കെ മറികടന്ന് സർക്കാർ ജോലിക്കരികെ മുത്തു എത്തി. തന്റേതല്ലാത്ത കാരണത്താൽ വന്നുചേർന്ന അയോഗ്യത ഇല്ലാതാക്കാൻ പിഎസ്എസിയും സർക്കാർറും തീരുമാനിച്ചാൽ മുത്തുവിന് സർക്കാർ ജോലിക്കാരനാകാം. മുത്തുവിന്റെ കാര്യം പി.എസ്.സി ചെയർമാന്റെ ശ്രദ്ധയിൽ വിഷയം പെടുത്തുമെന്ന് മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ മീഡിയവണിനോട് പറഞ്ഞു.
സംഭവത്തിൽ വനം വകുപ്പ് നിസ്സഹായരെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പിഎസ്‌സി മാനദണ്ഡപ്രകാരമാണ് നിയമനം നൽകുന്നത്. പി.എസ്.സി യാണ് മെഡിക്കൽ പരിശോധന ഉൾപ്പെടെ നടത്തിയതും. കുടുംബത്തോട് സഹതാപമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പല്ല് ഉന്തിയതിന്റെ പേരിലാണ് പാലക്കാട് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചത്. ആനവായ് ഊരിലെ മുത്തുവിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നഷ്ട്ടമായത്. എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ് പരാതി. പണമില്ലാത്തത് കൊണ്ടാണ് ചികിത്സിച്ചു നേരെയാക്കാൻ കഴിയാത്തതെന്ന് മുത്തു പറഞ്ഞു.
Adjust Story Font
16