'പ്രതികള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു': മുട്ടിൽ മരംമുറി അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ഡി.വൈ.എസ്.പി
മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.വി ബെന്നി ഡി.ജി.പിയെ സമീപിച്ചത്
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസിന്‍റെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് താനൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നി. ഈ ആവശ്യം ഉന്നയിച്ച് ഡി.ജി.പിക്ക് കത്ത് നല്‍കി. പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ പ്രധാന പരാതി.
മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.വി ബെന്നി ഡി.ജി.പിയെ സമീപിച്ചത്. മരം കൊള്ളയിലെ പ്രതികളായ ആന്‍റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. കേസ് വഴിമാറ്റുകയാണ് ലക്ഷ്യം. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി തുടരാനാവില്ലെന്നാണ് ഡി.ജി.പിക്ക് നല്‍കിയ കത്തിലെ ഉള്ളടക്കം.
നിലവില്‍ താനൂര്‍ ഡി.വൈ.എസ്.പിയായ ബെന്നിയ്ക്ക് എതിരെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പ്രതികള്‍ക്ക് ബന്ധമുള്ള ചാനലില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുട്ടില്‍ മരംമുറിയുടെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ഡി.വൈ.എസ്.പി ബെന്നി മുന്നോട്ട് വെച്ചത്.
മുട്ടില്‍ മരംമുറി കേസിലെ ഡി.എന്‍.എ പരിശോധന ഫലം അടക്കം അടുത്തിടെ പുറത്ത് വന്നിരുന്നു. ഇത് പ്രതികളുടെ വാദങ്ങളെ ദുര്‍ബലമാക്കിയിരുന്നു. 300 വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍ മുറിച്ചുവെന്നായിരുന്നു ഡി.എന്‍.എ ഫലം. ഇതടക്കം ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ പിന്‍മാറ്റ നീക്കം.
Adjust Story Font
16