Quantcast

മുട്ടിൽ മരംമുറി കേസ്; പ്രതികളായ സഹോദരങ്ങൾ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെന്ന് പൊലീസ്

അഞ്ഞൂറിലധികം വർഷം പഴക്കമുള്ള മരങ്ങളാണ് പ്രതികൾ മുറിച്ച് കടത്തിയതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-07-27 08:28:14.0

Published:

27 July 2023 8:26 AM GMT

മുട്ടിൽ മരംമുറി കേസ്; പ്രതികളായ സഹോദരങ്ങൾ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെന്ന് പൊലീസ്
X

കൊച്ചി: മുട്ടിൽ മരംമുറികേസിലെ പ്രതികളായ സഹോദരങ്ങൾ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഒന്നാംപ്രതി റോജി അഗസ്റ്റിൻ രണ്ടും മൂന്നും പ്രതികളായ ജോസ് കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ മീനങ്ങാടി പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളവരാണെന്നാണ് റിപ്പോർട്ടിലുള്ളത്. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള മരങ്ങളാണ് പ്രതികൾ മുറിച്ച് കടത്തിയതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.

മുട്ടിൽ മരംമുറികേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജിയിൽ കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലത്തെപ്പറ്റി വിവരിക്കുന്നത്. ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ രണ്ടും മൂന്നും പ്രതികളായ ജോസ്‍ കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ആറ് വഞ്ചനാ കേസുകളിലും സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച കേസിലും പ്രതിയാണെന്നും മൂവരെയും മീനങ്ങാടി പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. മരംമുറിക്കാൻ തങ്ങൾക്ക് മാത്രമാണ് സർക്കാർ അനുവാദം നൽകിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകളെ കബളിപ്പിച്ചാണ് വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ പ്രതികൾ മുറിച്ച് കടത്തിയത്. ഇതിൽ തന്നെ അഞ്ഞൂറിൽ അധികം വർഷം പഴക്കമുള്ള മൂന്ന് ഈട്ടി മരങ്ങളും, 400 മുതൽ 500 വർഷം വരെ പഴക്കമുള്ള ഒൻപത് ഈട്ടി മരങ്ങളും ഉൾപ്പെടും.

ചെറുകിട ഭൂവുടമകൾ ഉൾപ്പെടെ 68 പേരെ കേസിൽ പ്രതി ചേർത്തെങ്കിലും ഇവരിൽ പലരെയും കബളിപ്പിച്ചതാണെന്ന് കണ്ടെത്തിയതിനാൽ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ 12 പ്രതികൾ മാത്രമാണ് പട്ടികയിലുള്ളതെന്നും റിപ്പോർട്ടിലുണ്ട്. പശ്ചിമഘട്ടത്തിന്റെയും വയനാടിന്റെ പരിസ്ഥിതിക്കും പ്രാധാന്യമുള്ള മരങ്ങളാണ് പ്രതികൾ മുറിച്ചു കടത്തിയതെന്നും കുറ്റവിമുക്തരാക്കിയാൽ സമാനകുറ്റം പ്രതികൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


TAGS :

Next Story