എംവി ഗോവിന്ദൻ 30 കോടി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം; സ്വപ്ന സുരേഷിന് തിരിച്ചടി
മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ എം.വി. ഗോവിന്ദൻ വിജേഷ് പിള്ള വഴി മുപ്പത് കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം
തിരുവനന്തപുരം: എം.വി.ഗോവിന്ദനെതിരായ അപകീർത്തികരമായ പരാമർശത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് പരാമർശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
ഭീഷണി ഉള്ളതിനാൽ ചോദ്യം ചെയ്യലിനായി തളിപ്പറമ്പിൽ ഹാജരാകാനാവില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. ഭീഷണി ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ അപേക്ഷ നൽകാമെന്ന് കോടതി പറഞ്ഞു. ഹാജരാകാൻ പറഞ്ഞ സമയം കഴിഞ്ഞെന്ന് സ്വപ്ന അറിയിച്ചെങ്കിലും പുതിയ നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം ഉണ്ടെന്നും അപ്പോൾ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിജേഷ് പിള്ള വഴി മുപ്പത് കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു ആരോപണം. സ്വപ്നക്കെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് ആണ് പരാതി നൽകിയത്. തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Adjust Story Font
16