Quantcast

കുവൈത്ത് തീപിടിത്തം; അനുശോചിച്ച് എം.വി ​ഗോവിന്ദൻ

'കുവൈത്തിലുള്ള മലയാളികൾ രക്ഷാപ്രവർത്തനത്തിനും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ സഹായമെത്തിക്കാനും മുന്നിട്ടിറങ്ങണം'.

MediaOne Logo

Web Desk

  • Published:

    12 Jun 2024 4:06 PM GMT

Condolences by MV Govindan on Kuwait fire
X

തിരുവനന്തപുരം: 49 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തതിൽ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഏറെ നടുക്കുന്ന വാർത്തയാണ് കുവൈത്തിൽ നിന്ന് എത്തിയതെന്നും ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'മരിച്ചവരിൽ ഏറെയും മലയാളികൾ ആണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബംഗങ്ങളുടെയും പ്രിയപ്പെട്ടവരുടേയും വേദനയിൽ ഒപ്പം ചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശിക്കുന്നു. കുവൈത്തിലുള്ള മലയാളികൾ രക്ഷാപ്രവർത്തനത്തിനും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ സഹായമെത്തിക്കാനും മുന്നിട്ടിറങ്ങണം എന്ന് അഭ്യർഥിക്കുന്നു- അദ്ദേഹം വിശദമാക്കി.

നേരത്തെ, തീപിടിത്തത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചനം അറിയിച്ചിരുന്നു. അപകടത്തിൽപ്പെട്ടവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചിരുന്നു. 43 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. മരിച്ചവരിൽ മൂന്ന് മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞുട്ടുള്ളത്. കൊല്ലം ഓയൂർ സ്വദേശി ഷമീർ, പന്തളം സ്വദേശി ആകാശ് എസ്. നായർ, പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

TAGS :

Next Story