'ബ്രൂവറി വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്ക്'; ന്യായീകരിച്ച് എം.വി ഗോവിന്ദൻ
'ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല. സർക്കാർ നിലപാടാണ് പറഞ്ഞത്'

പാലക്കാട്: ബ്രൂവറി വിഷയത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കാണെന്നും, സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. വിഷയത്തിലെ സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിയെയും എംവി ഗോവിന്ദൻ തള്ളി. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല. സർക്കാർ നിലപാടാണ് താൻ പറഞ്ഞത് എന്നായിരുന്നു എം.വി ഗോവിന്ദന്റെ പരാമർശം.
"എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലയ്ക്ക് വെള്ളം മഴവെള്ള സംഭരണിയിൽ നിന്നായിരിക്കും. അഞ്ച് ഏക്കറിൽ മഴവെള്ള സംഭരണി നിർമ്മിക്കുന്നുണ്ട്. അതിൽ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കും. അതിനാൽ കുടിവെള്ള പ്രശ്നം ഉണ്ടാകില്ല. സ്പിരിറ്റ് ഉത്പാദിപ്പിക്കാനാണ് സംസ്ഥാനത്ത് ഉദ്യേശിക്കുന്നത്. പ്രതിഷേധങ്ങളും വിമർശനങ്ങളും ദുഷ്ടലാക്കോട് കൂടിയാണ്," എം.വി ഗോവിന്ദൻ പറഞ്ഞു.
വിഷയത്തിൽ പ്രാദേശികമായി കൂടിയാലോചനകൾ നടത്തിയിട്ടില്ല എന്നായിരുന്നു സിപിഐ ലോക്കൽ സെക്രട്ടറി ചെന്താമരാക്ഷന്റെ വിമർശനം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ബ്രൂവറി വരുന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്, തുടങ്ങിയ വിമർശനങ്ങളാണ് സിപിഐ നടത്തിയത്.
Adjust Story Font
16